പാലക്കാട് : ഷൊർണുർ ജംഗ്ഷനിൽ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ഒരുവശത്ത് സ്റ്റേഷൻ മോടിപിടിപ്പിക്കുമ്പോൾ അസൗകാര്യങ്ങൾ കൊണ്ട് യാത്രക്കാരുടെ നടുവൊടിയ്ക്കുകയാണ് അധികൃതർ. മദ്ധ്യഭാഗത്തുള്ള കാൽനടപ്പാലവും ലിഫ്റ്റും അടച്ചുപൂട്ടിയിട്ട് രണ്ടുമാസമായി. തുറക്കുന്ന കാര്യത്തിൽ തീരുമാനമില്ലെന്ന് മാത്രമല്ല, ബദൽ സൗകര്യങ്ങൾക്ക് കരാറുപോലുമായിട്ടില്ല.മലപ്പുറം , കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലയിലെ യാത്രക്കാർ ആശ്രയിക്കുന്ന ഷൊർണുർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വലുപ്പത്തിലും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഏറെ മുന്നിലാണ്.
ഇവിടെ യാതൊരു മുൻധാരണയുമില്ലാതെയാണ് മദ്ധ്യഭാഗത്തെ ഓവർബ്രിഡ്ജ് കൊട്ടിയടച്ചത്. പ്രായമായവരെ ചുമന്നുകയറ്റുന്ന കാഴ്ചകൾ ഇവിടെ പതിവാണ്. ഇന്നല്ലെങ്കിൽ നാളെ പരിഹാരമാകുമെന്ന് കരുതി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞു. സ്റ്റേഷൻ അധികൃതരുമായി സംസാരിച്ചപ്പോൾ പരിഹാരത്തിന് ഇനിയും കുറഞ്ഞത് രണ്ടു മാസമെടുക്കുമെന്നാണ് അറിയാൻ സാധിച്ചത്. പഴയ ഓവർ ബ്രിഡ്ജ് പൂർണ്ണമായും പൊളിച്ചു നീക്കി പുതിയത് പണിയാനാണ് തീരുമാനം. കാലതാമസമെടുക്കുമെന്നും പുതിയ ഓവർബ്രിഡ്ജിൽ ആദ്യം ലിഫ്റ്റ് സൗകര്യമൊരുങ്ങുമെന്നുമാണ് ഇപ്പോൾ പറയുന്നത്. പക്ഷേ ലിഫ്റ്റ് പണിയാനുള്ള തീരുമാനം പോലും ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. ദീർഘദൂര ട്രെയിനുകളിൽ പോകാനെത്തുന്നവരും ജംഗ്ഷനിൽ ഇറങ്ങുന്നവരും വലിയ ബാഗുകൾ ചുമന്നുകൊണ്ട് പടികൾ കയറേണ്ട അവസ്ഥയാണ്. ഓവർ ബ്രിഡ്ജിലേയ്ക്ക് 46 പടികളാണുള്ളത്. തിരിച്ച് അതാത് പ്ലാറ്റ് ഫോമിലേയ്ക്ക് 46 പടികൾ ഇറങ്ങിയാലും കടമ്പകൾ പിന്നെയും ബാക്കിയാണ്. സ്റ്റേഷന്റെ വടക്കേയറ്റത്താണ് പുതിയ ഓവർ ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത്. കോച്ച് പൊസിഷൻ പ്രകാരം തെക്കേയറ്റത്ത് നിന്ന് കയറേണ്ടവരും ജനറൽ കോച്ചുകളിൽ യാത്ര ചെയ്യേണ്ടിവരും കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും പ്ലാറ്റ് ഫോമിലൂടെ നടപ്പുദൂരമുണ്ട് . ആശുപത്രിയികളിലേയ്ക്ക് യാത്രചെയ്യുന്ന രോഗികൾ, അംഗപരിമിതർ, വാർദ്ധക്യപരമായ അസൗകര്യങ്ങളുള്ള വയോജനങ്ങൾ, ഗർഭിണികൾ, കൊച്ചുകുട്ടികളുമായി എത്തുന്നവർ അങ്ങനെ ആയിരക്കണക്കിനാളുകൾ ദിവസവും ഇവിടെ ദുരിതമനുഭവിക്കുകയാണ്. പുതിയ ഓവർബ്രിഡ്ജിൽ ലിഫ്റ്റ് സൗകര്യമൊരുക്കിയ ശേഷം പഴയത് പൊളിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം ആരോപിച്ചു. പുതിയ ബ്രിഡ്ജിൽ നിന്ന് സ്റ്റേഷനിലേക്കുള്ള നടപ്പാത പോലും പൂർണ്ണമാകും മുമ്പാണ് പഴയ ബ്രിഡ്ജ് പൂട്ടിട്ടത്. ഓവർ ബ്രിഡ്ജിലേയ്ക്ക് കയറുന്ന പടികൾക്ക് സമീപം 12 അടി വീതിയിലും 10 അടി താഴചയിലുമുള്ള വലിയ കുഴിയ്‌ക്ക് ചുറ്റും ശരിയായ രീതിയിലുള്ള ബാരക്കേടുപോലുമില്ലാതെ ഇവിടം തുണി വലിച്ചുകെട്ടിയ നിലയിലാണ്.. അപകടം പതിയിരിക്കുന്ന കുഴികൾ താണ്ടിയാണ് യാത്രക്കാർ പ്ലാറ്റ്ഫോമിലെത്തേണ്ടത്. ഓവർ ബ്രിഡ്ജിലെ ചീഫ് ടിക്കറ്റ് എക്സാമിനറോട് പടികൾ കയറുന്നതിന്റെ ബുദ്ധിമുട്ട് പങ്കുവെച്ചപ്പോൾ വല്ലപ്പോഴും അനുഭവിക്കുന്ന യാത്രക്കാരേക്കാൾ ദുരിതമാണ് ജീവനക്കാരുടെ അവസ്ഥയെന്നാണ് അദ്ദേഹം പറഞ്ഞത്. പതിവായി പലതവണ കയറിയിറങ്ങി പുറം വേദനയും കാലുവേദനയും കാരണം രാത്രിയിൽ ഉറങ്ങാൻ പോലും പറ്റുന്നില്ലെന്ന പരാതിയാണ് മടക്കി കിട്ടിയത്. ക്ലീനിങ് തൊഴിലാളികൾ, ടെക്നിക്കൽ, ഇലെക്ട്രിക്കൽ ജീവനക്കാർ, പ്ലാറ്റ് ഫോമിലെ കച്ചവടക്കാർ, എല്ലാവരും യാത്രക്കാർക്കൊപ്പം അസൗകര്യങ്ങൾക്കൊണ്ട് ഇവിടെ വീർപ്പുമുട്ടുകയാണ്. പലരും പാളം മുറിച്ചു കടക്കേണ്ടി വരുമ്പോൾ നിസ്സഹായരായ് നോക്കി നിൽക്കാനെ നിയമവ്യവസ്ഥകൾക്ക് പോലും കഴിയുന്നുള്ളു. ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കാത്തിരിപ്പിന് ദൈർഘ്യം ഇനിയും കൂടും.