കോട്ടയം: സിനിമ മനസിലാകാത്തത് സിനിമയുടെ കുറ്റം കൊണ്ടല്ല, മറിച്ചു സിനിമയെ മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടുന്നത് കൊണ്ടാണെന്നും കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുമ്പോഴാല്ല, മറിച്ചു എന്തുകൊണ്ടാണത് സംഭവിച്ചതെന്നു പറയുമ്പോഴാണ് യഥാര്‍ത്ഥ നിരൂപണം ജനിക്കുന്നതെന്നും സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ ശിവ.
പാമ്പാടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ദക്ഷിണേന്ത്യന്‍ കാംപസും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സിനിമയെഴുത്ത് ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമ വ്യാഖ്യാനത്തിന്റെ കലയാണ്. സിനിമയുടെ മൂന്നു തൂണുകളില്‍ ഒന്നാണ് ചലച്ചിത്ര നിരൂപണം. നിരൂപകരും വ്യാഖ്യാതാക്കളുമുള്ളതുകൊണ്ടാണ് പല ചലച്ചിത്രകാരന്മാരും അവരുടെ സിനിമകളും അനശ്വരത നേടുന്നത്. സ്രഷ്ടാവ് വിഭാവനചെയ്തതിലുമപ്പുറം സിനിമയെ വളര്‍ത്തുന്നത് വേറിട്ട കോണിലൂടെ കാണുന്ന നിരൂപകരാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. മലയാളത്തില്‍ ഇനി ഉണ്ടാവാന്‍ പോകുന്നത് രാജ്യാന്തരതലത്തിലുള്ള സിനിമകളാണെന്ന് മുഖ്യാതിഥിയായ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.
തിരക്കഥ രചയിതാവ് മുതല്‍ അഭിനേതാവ് വരെ സിനിമ എഴുത്തിന്റെ ഭാഗമാണ്. സിനിമയുടെ എഴുത്തുവഴി പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. വെബ്‌സീരീസിന്റെ ലോകത്തു നിന്ന് അത് റീല്‍സിലേക്കു ചേക്കേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഐഐഎംസി റീജനല്‍ ഡയറക്ടര്‍ പ്രൊഫ ഡോ അനില്‍കുമാര്‍ വടവാതൂര്‍ അധ്യക്ഷനായിരുന്നു. സപ്തതി ആഘോഷിക്കുന്ന മുതിര്‍ന്ന ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണനെ അനില്‍കുമാര്‍ വടവാതൂര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് നേടിയ പ്രൊഫ അനില്‍കുമാര്‍ വടവാതൂരിനെ ചലച്ചിത്രനിരൂപകന്‍ എ.ചന്ദ്രശേഖര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപിക പി.എസ് ശരണ്യ, എംജെ വിദ്യാര്‍ത്ഥി അഞ്ജലി പ്രിയദാസ് എന്നിവര്‍ പ്രസംഗിച്ചു.
മലയാളത്തിലെ സിനിമാചരിത്രമെഴുത്തിന്റെ നാള്‍വഴികളെപ്പറ്റി വിജയകൃഷ്ണനും ചലച്ചിത്രനിരൂപണസാഹിത്യത്തിന്റെ വളര്‍ച്ചയെപ്പറ്റി ഡോ പിഎസ് രാധാകൃഷ്ണനും, മലയാളത്തിലെ സിനിമാപത്രപ്രവര്‍ത്തനചരിത്രത്തെപ്പറ്റി എ ചന്ദ്രശേഖറും നവമാധ്യമകാല സിനിമായെഴുത്തിനെ പറ്റി മനീഷ് നാരായണനും ക്‌ളാസുകളെടുത്തു.