10 മണിക്കൂറിനുള്ളില്‍ 21 സിസേറിയൻ: തനിക്ക് അതിന് കഴിവുണ്ട് എന്ന് ഡോക്ടർ : പിന്നാലെ നടപടി

ഗുവാഹാട്ടി: അസമില്‍ 10 മണിക്കൂറിനുള്ളില്‍ ഡോക്ടർ നടത്തിയത് 21 സിസേറിയൻ പ്രസവങ്ങള്‍. അണുനശീകരണ, രോഗി-സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെന്ന ആരോപണത്തെ തുടർന്ന് ജില്ലാ ആരോഗ്യവകുപ്പ്, ഡോക്ടർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അസമിലെ മൊറിഗാവ് ജില്ലയിലെ ഒരു സിവില്‍ ആശുപത്രിയിലെ മുതിർന്ന ഗൈനക്കോളജിസ്റ്റാണ് 10 മണിക്കൂറിനുള്ളില്‍ 21 സിസേറിയൻ പ്രസവങ്ങള്‍ നടത്തിയത്.

Advertisements

മൊറിഗാവിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കമ്മീഷണർ (ആരോഗ്യം) ആണ്, ആശുപത്രിയിലെ മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് ഓഫീസറായ ഡോ. കാന്തേശ്വർ ബോർദൊലോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സെപ്റ്റംബർ അഞ്ചിന് ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയേറ്ററില്‍ നടത്തിയ ലോവർ സെഗ്മെന്റ് സിസേറിയൻ സെക്ഷൻ (LSCS) നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘സെപ്റ്റംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് 3:40-നും സെപ്റ്റംബർ ആറിന് പുലർച്ചെ 1:50-നും ഇടയില്‍ മൊറിഗാവിലെ എസ്ടിഎച്ച്‌ജി സിവില്‍ ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയേറ്ററില്‍ വെച്ച്‌ ഡോ. ബോർദൊലോയി 21 അടിയന്തര എല്‍എസ്സിഎസ് ശസ്ത്രക്രിയകള്‍ നടത്തി. ഇത് ചില ഗുരുതരമായ ആശങ്കകള്‍ ഉയർത്തുന്നു, അതിനാല്‍ ഇക്കാര്യത്തില്‍, മുകളില്‍ പറഞ്ഞ ഓരോ കേസുകളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇതിനാല്‍ നിർദ്ദേശിക്കുന്നു.’ എന്നാണ് മൊറിഗാവ് ജില്ലാ ഭരണകൂടത്തിന്റെ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡോക്ടർ നടത്തിയ ഓരോ സിസേറിയൻ പ്രസവത്തെക്കുറിച്ചും, കേസ് തയ്യാറാക്കല്‍, അണുവിമുക്തമാക്കല്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചത് എന്നിവ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോർട്ടുകള്‍ നല്‍കാനാണ് കത്തില്‍ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്. ശസ്ത്രക്രിയയ്ക്കിടെ, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിന് പാലിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ വ്യക്തമാക്കാനും ഭരണകൂടം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തന്റെ നടപടിയെ ന്യായീകരിച്ച ഡോ. ബോർദൊലോയി, കുറഞ്ഞ സമയത്തിനുള്ളില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്താൻ തനിക്ക് കഴിവുണ്ടെന്ന് അവകാശപ്പെട്ടു.

Hot Topics

Related Articles