കുറവിലങ്ങാട് : സാമവേദ പണ്ഡിതനും ആയുർവേദ ഫിസിഷ്യനുമായ കോട്ടയം കുറിച്ചിത്താനം തോട്ടം ശിവകരൻ നമ്പൂതിരി ഏപ്രിൽ ഒന്നിന് ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി സ്ഥാനമേൽക്കും. ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാർച്ച് 31 ന് അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേറ്റ് ഏപ്രിൽ ഒന്നു മുതൽ പൂജാ ചടങ്ങുകൾക്ക് സ്ഥാനീയനാകും.
ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് തോട്ടം ശിവകരൻ നമ്പൂതിരിക്ക് ഗുരുവായൂരപ്പന്റെ മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചപൂജ നിർവഹിച്ച ഓതിക്കൻ പി.എം ഭവദാസൻ നമ്പൂതിരിയാണ് നമസ്കാര മണ്ഡപത്തിൽവച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്. തെരഞ്ഞെടുപ്പിൽ തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരിൽ 33 പേർ ഹാജരായി. ഇവരിൽ നിന്നും യോഗ്യത നേടിയ 28 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്.
കുറിച്ചിത്താനം ശ്രീധരി വൈദ്യശാലയുടെയും ആശുപത്രിയുടെയും മേധാവിയായ ഡോ. ശിവകരൻ നമ്പൂതിരി കേരളീയ സമ്പ്രദായത്തിലുള്ള ജൈമിനീയ സാമവേദം പരമ്പരാഗത ശൈലിയിൽ പിന്തുടരുന്ന ആചാര്യനാണ്. അതിരാത്രവും സോമയാഗവുമടക്കം നിരവധി യാഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട് അദ്ദേഹം. ഡോ. ശിവകരനും സഹോദരൻ തോട്ടം കൃഷ്ണൻ നമ്പൂതിരിയും മാത്രമാണ് യാഗങ്ങളുടെ ചടങ്ങുകളിൽ പ്രധാനമായ ജൈമിനീയ സാമവേദം പിന്തുടരുന്ന ആചാര്യന്മാർ. അന്യം നിന്നുപോകുന്ന സാമവേദത്തെ പുനരുദ്ധരിക്കാൻ കുറിച്ചിത്താനത്ത് സാമവേദ പാഠശാല നടത്തുന്നുണ്ട് ഡോ. ശിവകരൻ.
ഋക്, യജുസ്, സാമ വേദ പാരമ്പര്യമുള്ള അപൂർവ ഗ്രാമവും യാഗഭൂമിയുമായ പാഞ്ഞാളിൽ നിന്നുള്ള ആദ്യ ഗുരുവായൂർ മേൽശാന്തിയാണ് ഡോ. ശിവകരൻ. സാമവേദാചാര്യനായിരുന്ന അന്തരിച്ച തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് അച്ഛൻ. ഡോ. മഞ്ജിമയാണു ഭാര്യ. നിവേദിത, നന്ദിത എന്നിവർ മക്കൾ.