ന്യൂഡൽഹി:സോഷ്യൽ മീഡിയയിൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ വിഡിയോകൾ ഇടയ്ക്കിടെ വൈറലാകാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവനുള്ള പാമ്പുകളെ കൈകളിലും കഴുത്തിലും ചുറ്റിപ്പിടിച്ച് നടക്കുന്നതാണ് ഭക്തരുടെ ദൃശ്യങ്ങൾ.പുണ്യമാസമായ സാവനിൽ ഇന്ത്യയിലുടനീളം നാഗപഞ്ചമി ആഘോഷിക്കുന്നുവെന്നത് സുപരിചിതമാണ്. ഈ സമയത്ത് നാഗദേവതയ്ക്ക് പാലും നേർച്ചകളും സമർപ്പിക്കുന്നുണ്ട്. ബീഹാറിലാകട്ടെ ഇത് ഉത്സവമായാണ് ആചരിക്കുന്നത്. ആരാധനയുടെ ഭാഗമായി പ്രായഭേദമന്യേ ഭക്തർ ജീവനുള്ള പാമ്പുകളെ കൈയിലേന്തി കൊണ്ടുപോകുന്ന പതിവാണ്. ഇത്തവണത്തെ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജൂലൈ 29നാണ് ഇത്തവണത്തെ നാഗപഞ്ചമി. എന്നാല്‍ ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. ക്ഷേത്രങ്ങളിൽ പൂജകൾ പൂർത്തിയാക്കിയ ശേഷം, ഭക്തർ പാമ്പുകളെ വഹിച്ചുകൊണ്ട് പ്രധാന ചടങ്ങുകൾക്കായി ബുധി ഗന്ധക് നദിയിലേക്ക് എത്തുന്നു. കുട്ടികൾ വരെ കൂട്ടത്തിൽ പങ്കുചേരുന്നുണ്ട്.ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ സിംഘിയ ഘട്ടിലാണ് കഴിഞ്ഞ 300 വർഷമായി വാർഷിക നാഗപഞ്ചമി മേള ആഘോഷിച്ചു വരുന്നത്. അവിടെ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്.എന്നാൽ, വിഡിയോ പ്രചരിച്ചതോടെ ശക്തമായ വിമർശനവും ഉയർന്നിട്ടുണ്ട്. ജീവനുള്ള പാമ്പുകളെ ഇത്തരം രീതിയിൽ പിടിച്ച് നടക്കുന്നത് ക്രൂരതയാണെന്ന് പലരും അഭിപ്രായപ്പെട്ടു. “പാമ്പുകളെ പീഡിപ്പിക്കുന്നത് എങ്ങനെയാണ് ആത്മീയതയായിത്തീരുന്നത്?” എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുന്നു.