തിരുവനന്തപുരം :കാലങ്ങളായി കാട് പിടിച്ചു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ്കടിയേറ്റു. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ വൃത്തിയാക്കലിനിടെയാണ് ബിന്ദുകുമാരി (46) എന്ന തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് ബിന്ദുകുമാരിയെ കടിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവം നടന്ന ഉടൻ സഹപ്രവർത്തകർ ആംബുലൻസ് വിളിച്ച് ബിന്ദുകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവർ ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.പാമ്പിനെ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ പിടികൂടി തല്ലിക്കൊന്നതായി നാട്ടുകാർ അറിയിച്ചു. പ്രദേശത്ത് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പുകൾ ധാരാളമുണ്ടെന്നതാണ് നാട്ടുകാർ പറയുന്നത്.
തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ
