കോട്ടയം : തൃശൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ പാമ്പ് കടിച്ചതിന് പിന്നാലെ ഏറ്റുമാനൂരിൽ സ്കൂളിന് മുന്നിൽ മൂർഖൻ എത്തി. ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ മുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ കണ്ട് കുട്ടികൾ ഭയന്ന് നിലവിളിച്ചു. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ ടി.ടി.ഐയിലും സ്കൂളിലും പാമ്പിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ബോയ്സ് ഹൈസ്കൂളിൽ മൂർഖനെ കണ്ടത്. സ്കൂളിലും പരിസരത്തും മഴക്കാല പൂർവ ശുചീകരണം നടത്താൻ വൈകിയിരുന്നു. ഇതാണ് പാമ്പ് കയറാൻ കാരണമായത്.
സ്കൂൾ പരിസരം കാട് പിടിച്ച് കിടക്കുന്നത് ഒഴിവാക്കാൻ ഏപ്രിലിൽ തന്നെ മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണമായിരുന്നു. എന്നാൽ , ഇതിന് നഗരസഭ അധികൃതർക്ക് സാധിച്ചില്ല. ഇതാണ് സ്കൂളിൽ പാമ്പ് കയറാൻ കാരണമായത്. കഴിഞ്ഞ ദിവസം സ്കൂൾ മേൽക്കൂരയിൽ പാമ്പിനെ കണ്ടിരുന്നു , ഇത് കൂടാതെ സ്കൂളിന്റെ പരിസരത്ത് പാമ്പ് ചത്ത് കിടക്കുകയും ചെയ്തിരുന്നു. നഗരസഭയുടെ പുതിയ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി സ്കുളുകളിൽ സന്ദർശനം നടത്തിയതോടെയാണ് സ്ഥിതി മനസിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ പരിസരത്തെ കാടുവെട്ടി തെളിയിക്കുവാൻ അടിയന്തര നടപടിക്ക് നഗരസഭാ നടപടി സ്വീകരിച്ചു. കളിസ്ഥലവും മൈതാനവും കാട് കയറിയതോടെ സ്കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായിരുന്നു. സമീപ ദിവസങ്ങളിൽ മൈതാനത്തും സ്കൂൾ കെട്ടിടത്തിലും പാമ്പുകളെ കണ്ടതും നവീകരണ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കാരണമായി.
തൊഴിലുറപ്പ് തൊഴിലാളികളുടെ 40 അംഗ സംഘത്തെ നിയോഗിച്ച് സ്കൂൾ പരിസരം സമയബന്ധിതമായി വൃത്തിയാക്കാൻ ആണ് നഗരസഭ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ ഷാജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജി ചാവറ , കൗൺസിലർ പി എസ് വിനോദ് അടക്കമുള്ളവർ സ്കൂളിലെത്തി സ്കൂൾ അധികൃതരുമായി ചർച്ച നടത്തി.സ്കൂൾ പരിസരത്തു സാമൂഹ്യവിരുദ്ധ മാലിന്യങ്ങൾ വലിച്ചെറിയുന്നത് ആയി സ്കൂൾ അധികൃതർ നഗരസഭാ അധികൃതരെ ബോധ്യപ്പെടുത്തി. ഇക്കാര്യത്തിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.