ചങ്ങനാശേരി: വലയിൽ കുടുങ്ങി പരിക്കേറ്റ് കിടന്ന പെരുമ്പാമ്പിനെ രക്ഷിച്ച് വനം വകുപ്പിന്റെ സർപ്പ ടീം. വാഴപ്പള്ളി അമ്പലത്തിന്റെ പിൻഭാഗത്തുള്ള പാടശേഖരത്തിൽ വലയിൽ കുടുങ്ങി കിടന്ന പെരുമ്പാമ്പിനെയാണ് വനം വകുപ്പിന്റെ സർപ്പ ടീം രക്ഷപെടുത്തിയത്. പാമ്പ് കുടുങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാർ കോട്ടയം ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചു. തുടർന്ന്, പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ ശാസ്ത്രീയ പരിശീലനം ലഭിച്ച സർപ്പ ടീം അംഗം വിഷ്ണു മാടപള്ളി എത്തി ഇതിനെ രക്ഷപ്പെടുത്തി.
എന്നാൽ, വലയിൽ കുടുങ്ങി കിടന്ന് പരിക്ക് ഉണ്ടായിരുന്നതിനാൽ പാമ്പിനെ വനത്തിലേയ്ക്കു രക്ഷപെടുത്തി വിടാൻ കഴിഞ്ഞില്ല. തുടർന്നു വിവരം കോട്ടയം ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചു. ഇതോടെ സർപ്പ ടീം അംഗവും കൺട്രോൾ റൂം സിവിൽ പോലീസ് ഓഫീസറുമായ മുഹമ്മദ് ഷെബിനും വിഷ്ണുവും ചേർന്ന് ജില്ലാ വെറ്റിനറി ആശുപത്രി കോടിമതയിൽ എത്തിച്ച് പാമ്പിന് ചികിത്സ നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുറിവ് വൃത്തിയാക്കി മരുന്ന് വയ്ക്കുകയും ആൻറിബയോട്ടിക്ക് ഇഞ്ചക്ഷൻ നൽകുകയും ഉണ്ടായി. വന സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ഏക പാമ്പായ പെരുമ്പാമ്പിന് ഏകദേശം പന്ത്രണ്ടര കിലോയോളം ഭാരവും എട്ട് അടിയോളം നീളവും ഉണ്ട്.