ന്യൂഡല്‍ഹി: ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുൻഭർത്താവും സോനാ കോംസ്റ്റർ ഗ്രൂപ്പ് ചെയർമാനുമായ സഞ്ജയ് കപൂറിന്റെ മരണം അപകടമരണമോ സ്വാഭാവിക മരണമോ അല്ലെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകള്‍ കൈവശമുണ്ടെന്നും മാതാവ് റാണി കപൂർ.യുകെ അധികൃതർക്ക് അയച്ച കത്തിലാണ് അവരുടെ ആരോപണം. കൊലപാതകം, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ, ഗൂഢാലോചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കള്ളക്കളികള്‍ നടന്നിട്ടുണ്ടാകാമെന്ന് അവർ ആരോപിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
മുപ്പതിനായിരം കോടിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന സഞ്ജയുടെ മരണത്തിന് പിന്നാലെ, പിന്തുടർച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ വാർത്തയായിരുന്നു. അതിനിടെയാണ് ബ്രിട്ടീഷ് അധികൃതർക്ക് റാണി കപൂർ അയച്ച ഗുരുതര ആരോപണങ്ങളുള്ള കത്തിലെ വിവരങ്ങള്‍ പുറത്തെത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാജരേഖ ചമയ്ക്കല്‍, സംശയകരമായ ആസ്തി കൈമാറ്റങ്ങള്‍, ദുരൂഹമായ നിയമനടപടികള്‍, സാമ്ബത്തികനേട്ടങ്ങള്‍ക്കായി നിലകൊണ്ടവർ തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ തുടങ്ങിയവയ്ക്കും തന്റെ കൈവശം തെളിവുകളുണ്ടെന്ന് റാണി കപൂർ അവകാശപ്പെടുന്നു. ഇന്ത്യയില്‍നിന്നും യുകെയില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ളവർ ഉള്‍പ്പെട്ട സംഘടിതമായ രാജ്യാന്തര ഗൂഢാലോചയാണ് നടന്നിരിക്കുന്നതെന്നും അവർ ആരോപിക്കുന്നു.
ജൂണ്‍ 12-ന് പോളോ കളിക്കുന്നതിനിടെയാണ് ഇംഗ്ലണ്ടില്‍വെച്ച് സഞ്ജയ് കപൂർ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകള്‍. മരണസമയത്ത് സഞ്ജയ് കപൂറിന് 10,300 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നെന്നാണ് ഫോർബ്സിൻറെ റിപ്പോർട്ടില്‍ പറയുന്നത്.
2003-ല്‍ വിവാഹിതരായ സഞ്ജയും കരിഷ്മയും 11 വർഷം നീണ്ട ദാമ്ബത്യത്തിന് ശേഷം 2014-ല്‍ പരസ്പര സമ്മതത്തോടെ വേർപിരിയുകയായിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി 10 ലക്ഷം രൂപ പലിശ നിരക്കില്‍ 14 കോടി രൂപ വിലമതിപ്പുള്ള രണ്ട് ബോണ്ടുകളാണ് സഞ്ജയ് വാങ്ങിയത്. വിവാഹമോചന സമയത്ത് സഞ്ജയ് കപൂറിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട് കരിഷ്മയ്ക്കും ലഭിച്ചു. ഇരുവർക്കും രണ്ട് മക്കളുണ്ട്. സമൈറയും കിയാനും. മക്കളെ കരിഷ്മയ്ക്കൊപ്പമാണ് കോടതി വിട്ടത്. മക്കളെ സന്ദർശിക്കുന്നതിനുള്ള അനുമതി സഞ്ജയ്ക്കു നല്‍കിയിരുന്നു.
1996-ല്‍ ഫാഷൻ ഡിസൈനറായ നന്ദിത മെഹ്താനിയെ സഞ്ജയ് വിവാഹം ചെയ്തിരുന്നു. നാല് വർഷത്തിനുശേഷം വേർപിരിഞ്ഞു. പിന്നീട് 2003-ലാണ് കരിഷ്മയെ ജീവിതപങ്കാളിയാക്കുന്നത്. കരിഷ്മയുമായി വേർപിരിഞ്ഞ ശേഷം 2017-ല്‍ മോഡലായ പ്രിയ സച്ച്‌ദേവിനെ സഞ്ജയ് വിവാഹം ചെയ്തിരുന്നു.