ദില്ലി: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ ദേശീയ വനിത കമ്മീഷനോട് നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, പി.ശ്രീരാമകൃഷ്ണൻ, എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മയ്ക്ക് ശോഭാ സുരേന്ദ്രൻ കത്ത് നൽകി. സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് നേരത്തെ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രിയേയും കണ്ടിരുന്നു.സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഉൾപ്പെട്ട മാധ്യമ വാർത്തകളും ശോഭ സുരേന്ദ്രൻ വനിതാ കമ്മീഷന് കൈമാറി.
സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇ ഡി ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരം ക്രിമിനല്‍ നടപടി ചട്ടം 164 അനുസരിച്ചാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതെന്നാണ് ഇഡിയുടെ എതിർ സത്യവാങ് മൂലത്തില്‍ പറയുന്നത്.കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള രഹസ്യ മൊഴിയാണിത്. സ്വപ്ന മൊഴി നൽകിയതിൽ മറ്റ് ആരും സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ഇഡി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി കത്തെഴുതി. സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന സന്ദേശം നല്‍കാനായിരുന്നു ഇത്. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പരാതി അറിയിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് വ്യക്തമായതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും ഇ ഡി ആരോപിക്കുന്നു.