- യുവതിയെ സ്വന്തം വീട്ടിലേയ്ക്ക് അയച്ച ശേഷം വീട്ടുകാരെയും കൂട്ടിയെത്തണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നതായി സൂചന.
പാലാ: സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഭർത്താവ് ചോദ്യം ചെയ്തതിനു പിന്നാലെ യുവതിയെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏലപ്പാറ സ്വദേശിയും പാലായിൽ വിവാഹം കഴിച്ച അയപ്പിച്ച യുവതിയുമായ തോടനാൽ ഇലവനാംതൊടുകയിൽ ദൃശ്യ (26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ ആൾപ്പാർപ്പില്ലാത്ത കാടുപിടിച്ച പുരയിടത്തിലെ കിണറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഏലപ്പാറ ചിന്നാർ സ്വദേശിനിയായ ദൃശ്യയെ പാലാ തോടനാട് സ്വദേശിയായ യുവാവാണ് വിവാഹം കഴിച്ചത്. ദൃശ്യ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ദൃശ്യയുടെ സോഷ്യൽമീഡിയയിലുള്ള അമിത ഉപയോഗവും ബന്ധങ്ങളും ഭർത്താവിന്റെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ചിന്നാറിലെ വീട്ടിലേയ്ക്ക് പോയ ദൃശ്യയോട് വീട്ടിൽ നിന്നും ആരെയെങ്കിലും കൂട്ടി തിരികെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച തിരികെയെത്തിയ ദൃശ്യയ്ക്കൊപ്പം വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഭർതൃവീട്ടുകാർതന്നെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. യുവതിയുടെ സമൂഹമാധ്യമ ഇടപെടലുകൾസംബന്ധിച്ച് സംസാരിച്ച് പ്രശ്നപരിഹാരമുണ്ടാക്കി. രാത്രി ഒരു മണിയോടെയാണ് വീട്ടുകാർ മടങ്ങിയത്. ഉറങ്ങാൻ കിടന്ന ശേഷം പുലർച്ചെ ദൃശ്യയെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീടിന് 200 മീറ്റർ അകലെ അയൽവാസിയായ പുലിക്കാട്ടിൽ ആലീസിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കിണറിന് സമീപത്ത് നിന്നും ടോർച്ചും കണ്ടെത്തി.
പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ ദുരൂഹത എന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനാണ് പാലാ പൊലീസ് ഒരുങ്ങുന്നത്.