കോട്ടയം : എസ്.പി.സി പദ്ധതിയുടെ കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്. എ നിർവ്വഹിച്ചു. ലഹരിക്കെതിരെ ദീപ പ്രകാശനം നടത്തിക്കൊണ്ടാണ് കേഡറ്റുകൾ ജില്ലാ പോലീസ് മേധാവിയെ വരവേറ്റത്. കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ടും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ വിനോദ് പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.ആർ.ബി ഡിവൈഎസ്പി ജ്യോതികുമാർ.പി, നർക്കോട്ടിക് സെൽ ഡിവൈഎസ്പി തോമസ് എ.ജെ, വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് എന്നിവർ പങ്കെടുത്തു. നാല് മുതൽ എട്ട് വരെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ജില്ലയിലെ 44 സ്കൂളുകളിൽ നിന്നുള്ള 235 കേഡറ്റുകൾ പങ്കെടുക്കുന്നു.