നട്ടെല്ലിന്റെ അസ്വാഭാവിക വളവ്; സ്കോളിയോസിസിനെ കുറിച്ച് കൂടുതൽ അറിയാം

നട്ടെല്ലിന് അസാധാരണമായ വളവ് ഉണ്ടാകുകയും അത് മൂലം ശരീരത്തിന്റെ ആകാരഭംഗിയിൽ അസമത്വം സംഭവിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌കോളിയോസിസ്. കുട്ടികളിൽ പ്രത്യേകിച്ച് പെൺകുട്ടികളിൽ വലിയ തോതിൽ ഉത്കണ്ഠ, അപകർഷതാബോധം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾക്കും വരെ കാരണമാകുന്നുണ്ട്. അതേസമയം ലക്ഷണങ്ങൾ മനസിലാക്കി വിദഗ്ധ ചികിത്സ തേടിയാൽ  സ്കോളിയോസിസിനെ വരുതിയിലാക്കാൻ കഴിയും. സ്കോളിയോസിസിനെ കുറിച്ചും അതിന്റെ ചികിത്സാ രീതികളെ കുറിച്ചും മനസിലാക്കാം.

Advertisements

എന്താണ് സ്കോളിയോസിസ്?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാധാരണയായി മനുഷ്യരുടെ നട്ടെല്ല് നേർരേഖയിൽ നിന്ന് വിഭിന്നമായി ഒരു വശത്തേക്ക് വളഞ്ഞിരിക്കുന്നതിനെയാണ് സ്കോളിയോസിസ് എന്ന് വിളിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 10 ഡിഗ്രിയിൽ കൂടുതലുള്ള വളവുകളാണിവ. പെൺകുട്ടികളിലാണ് കൂടുതലായി കണ്ടു വരുന്നത്.

കാരണങ്ങൾ?

പ്രധാനമായും രണ്ട് രീതിയിലാണ് സ്കോളിയോസിസ് ഉണ്ടാകാറുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രൈമറി (ഇഡിയോപ്പതിക്), സെക്കന്ററി എന്നിങ്ങനെ രണ്ട് തരത്തിലാണ് സ്കോളിയോസിസിനെ കണക്കാക്കുന്നത്.

മറ്റ് അസുഖങ്ങളുടെ ഭാഗമായി നട്ടെല്ലിനെ ബാധിക്കുന്നതാണ് സെക്കന്ററി സ്കോളിയോസിസ്. വൃക്കകൾക്ക് ഉണ്ടാകുന്ന തകരാറാറുകളോ ജന്മനാ ഉണ്ടാകുന്ന മറ്റു രോഗങ്ങൾക്കൊപ്പം നട്ടെല്ലിന്റെ അസ്ഥിയുടെ വളർച്ചക്ക് ഉണ്ടാകുന്ന അസമത്വങ്ങളോ മൂലം ഉണ്ടാകാം. ഇത്തരം രോഗങ്ങൾക്ക് വേണ്ടി ചെറുപ്പത്തിൽ തന്നെ പരിശോധനകൾ നടത്തുമ്പോൾ സ്കോളിയോസിസ് ശ്രദ്ധയിൽപ്പെടുകയും ചികിത്സ  തേടുകയും ചെയ്യാൻ കഴിയും.

പ്രത്യേകിച്ച് കാരണമില്ലാതെ നട്ടെല്ലിൽ ഉണ്ടാകുന്ന വളവുകളാണ് പ്രൈമറി ഇഡിയോപ്പതിക് വളവ്. കുട്ടികളിൽ രോഗ നിർണയം വൈകുന്നത് മൂലം ചികിൽസിച്ച് ഭേദമാക്കാൻ കൂടുതൽ സമയം വേണ്ടി വന്നേക്കാം.

ലക്ഷണങ്ങൾ അവഗണിക്കല്ലേ!

മറ്റേതൊരു രോഗത്തെയും പോലെ മുൻകൂട്ടിയുള്ള രോഗ നിർണയത്തിന് സ്കോളിയോസിസ് ചികിത്സയിലും വലിയ സ്വാധീനം ചെലുത്താനാകും. പ്രധാനമായും അഞ്ച് ലക്ഷണങ്ങളാണ് സ്കോളിയോസിസിന് ഉള്ളത്.

1. തലയുടെ സ്ഥാനം അരക്കെട്ടിന്  ആനുപാതികമായിട്ടല്ലാതെ ഒരു ഭാഗത്തേക്ക് ചരിഞ്ഞു നിൽക്കുക.

 2. തോളുകൾ തമ്മിലുള്ള അസമത്വം (രണ്ടു തോളുകളും കൃത്യമല്ലാത്ത നിരപ്പിൽ നിൽക്കുകയോ, തോൾപ്പലക മുന്തി നിൽക്കുകയോ തള്ളി നിൽക്കുകയോ പോലെ തോന്നുക)

3. പെൺകുട്ടികളിൽ മുന്നിൽ നിന്നു നോക്കുമ്പോൾ മാറിടത്തിന് ആകാരഭംഗി  ഇല്ലാതെ തോന്നുക

4. അരക്കെട്ടുകൾ തമ്മിലുള്ള അസമത്വം.

5. കാലുകൾ തമ്മിലുള്ള നീളത്തിൽ വ്യത്യാസം അനുഭവപ്പെടുകയും മുടന്ത് ഉണ്ടാകുകയും ചെയ്യും.

പ്രായം പ്രധാനം

പ്രായത്തിന്റെ അടിസ്ഥാനത്തിൽ സ്കോളിയോസിസിനെ ഇൻഫെന്റയിൽ, ജുവനെയ്ൽ, അഡോളസെൻസ് എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. പ്രൈമറി സ്കോളിയോസിസുകളാണിവ. ചെറുപ്രായത്തിൽ  ഉണ്ടാകുന്നതിനാൽ ഇൻഫെന്റയിൽ, ജുവനെയ്ൽ സ്കോളിയോസിസുകൾ ഏർലി ഓൺ സെറ്റ് സ്കോളിയോസിസ് എന്നാണ് അറിയപ്പെടുന്നത്. 10 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളിൽ കാണുന്ന മറ്റ് കാരണങ്ങൾ ഒന്നുമില്ലാതെ വരുന്ന സ്കോളിയോസിസാണ് അഡോളസെന്റ് ഇഡിയോപതിക് സ്ക്കോളിയോസിസ്. പെൺകുട്ടികളിലാണ് ഇത് ഏറ്റവുമധികമായി കണ്ടുവരുന്നത്. കാഴ്ചക്ക് അഭംഗിയും വൈരൂപ്യവും ഉണ്ടാകുന്നത് മൂലം വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നതാണ് വസ്തുത

ചികിത്സകൾ എന്തൊക്കെ?

നട്ടെല്ലിന്റെ വളവിന്റെ അളവനുസരിച്ചാണ് സ്കോളിയോസിന്റെ ചികിത്സ  നടത്തുന്നത്. കമ്പ്യൂട്ടറിന്റെ സഹായത്തോടെയോ വരച്ചോ  ആണ് അളവ് കണ്ടെത്തുന്നത്. പത്ത് മുതൽ 25 ഡിഗ്രി വരെയുള്ള വളവുകൾക്ക് പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ല.  കൃത്യമായ ഇടവേളകളിൽ എക്സറേ പരിശോധന നടത്തി സ്കോളിയോസിസ് വഷളാകുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്.

അതേസമയം 25 ഡിഗ്രിക്ക് മുകളിലായാൽ ചികിത്സ ആവശ്യമാണ്. 25 മുതൽ 40 ഡിഗ്രി വരെയുള്ള വളവുകൾ ക്രമേണ കൂടാൻ സാധ്യതയുണ്ട്. കുട്ടികളിൽ കാണുന്ന ഇത്തരം  വളവുകൾക്ക് ബ്രേസിങ് എന്ന ചികിത്സയാണ് സാധാരണയായി ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്. ബെൽറ്റ് അല്ലെങ്കിൽ  പ്ലാസ്റ്റർ കൊണ്ട് പ്രത്യേകം തയ്യാറാക്കിയ കാസ്റ്റിംഗ് ധരിക്കുന്നതിലൂടെ സ്കോളിയോസിസ്  വഷളാകുന്നത് തടയാനും നട്ടെല്ലിൽ വളവുണ്ടാകുന്നതിനെ തുടർന്നുണ്ടാകുന്ന സെക്കൻഡറി കർവ്സിനെ പ്രതിരോധിക്കാനും കഴിയും

45 ഡിഗ്രിക്ക് മുകളിലുള്ള വളവുകൾക്ക് ശസ്ത്രക്രിയ നടത്തുക എന്നതാണ് പരിഹാരം. ശരീരത്തിന്റെ പുറകു വശത്താണ് ശസ്ത്രക്രിയ നടത്തുന്നത്. നട്ടെല്ലിന്റെ എക്സ്-റേ അടിസ്ഥാനമാക്കി  വളവിന്റെ അളവ് കണ്ടെത്തി പ്രത്യേക സ്ക്രൂവും റോഡും ഉപയോഗിച്ച് നട്ടെല്ലിനെ നിവർത്തുകയാണ് ചെയ്യുന്നത്. ഡീഫോർമിറ്റി കറക്ഷൻ സർജറി (Deformity correction surgery) ഈ ശസ്ത്രക്രിയയുടെ പേര്.

ഗ്രോത്ത് റോഡ് ആപ്ലിക്കേഷൻ ശസ്ത്രക്രിയ

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ 50 ഡിഗ്രി വരെയുള്ള വളവുണ്ടായാൽ ബ്രേസിംഗ് വഴി നിവർത്താൻ കഴിയില്ല. ഇത്തരം സാഹചര്യത്തിലാണ് ഗ്രോത്ത് റോഡ് ആപ്ലിക്കേഷൻ എന്ന ശസ്ത്രക്രിയയാണ് കുട്ടികൾക്കായി ചെയ്യുന്നത്. ശ്വാസകോശത്തിന്റെയും മറ്റ് ആന്തരിക അവയവങ്ങളുടെയും വളർച്ച പൂർത്തിയാവാത്തതിനാൽ സാധാരണ ശസ്ത്രക്രിയ നടത്താൻ കഴിയാത്തതിനാലാണ് ഇത്. ശസ്ത്രക്രിയ മൂലം വളർച്ച തടയുകയും ശ്വാസകോശം ചുരുങ്ങുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കി കൊണ്ടാണ് ഇത് ചെയ്യുന്നത്. മാഗ്നെറ്റിക് ഗ്രോത്ത് റോഡ് പോലുള്ള ആധുനിക ചികിത്സകൾ ഉള്ളതിനാൽ തുടർ ശസ്ത്രക്രിയകൾ ഇല്ലാതെ ലളിതമായി തന്നെ ചെയ്യാൻ കഴിയും.

14 മുതൽ 16 വരെയുള്ള പ്രായമാണ് ശസ്ത്രക്രിയ നടത്താനുള്ള ഏറ്റവും മികച്ച സമയം. ഈ പ്രായത്തോടെ ഉയരം വെക്കുന്നതിൽ നട്ടെല്ലിന്റെ സംഭാവന അവസാനിച്ചിട്ടുണ്ടാകും എന്നതിനാൽ ശ്വാസകോശത്തിന്റെ വളർച്ചയെ സ്വാധീനിക്കാനുള്ള സാധ്യത കുറവാണ്.

ശസ്ത്രക്രിയയുടെ സമയത്ത് ഞരമ്പുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള ഇൻട്രാ ഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗ് എന്ന സൗകര്യവും ശസ്ത്രക്രിയ ചെയ്യാൻ ഉപയോഗിക്കുന്ന സ്ക്രൂ കൃത്യമായി അസ്ഥികൾക്കുള്ളിലൂടെ തന്നെയാണ് പോകുന്നത് എന്ന് ഉറപ്പുവരുത്താനുള്ള കമ്പ്യൂട്ടറൈസ്ഡ് നാവിഗേഷൻ  എക്സ്-റേ യന്ത്രങ്ങളും ഇന്നുണ്ട്.  അതിനൂതന സൗകര്യങ്ങളുടെ സഹായത്തോടെ വളരെ സങ്കീർണമായ വളവുകൾ പോലും   എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയും.

മാനസിക – ശാരീരിക ബുദ്ധിമുട്ടികൾ

സ്കോളിയോസിസ് മൂലം ശരീരത്തിനുണ്ടാകുന്ന വളവും കൂനും വർധിക്കുന്നത് ശരീരത്തിന്റെ വൈരൂപ്യം വർധിക്കും. ഇത് ചില കുട്ടികളിൽ അപകർഷതാ ബോധവും മാനസിക വിഷമവും ഉണ്ടാക്കും. ശരീരത്തിന്റെ അപാകതകൾ മൂലം ആളുകളെ ഫെയ്സ് ചെയ്യാനുള്ള ആത്മവിശ്വാസം കുറയും. കുട്ടികൾ പൊതുവേദികളിൽ മുന്നോട്ടു വരാൻ മടിക്കുകയും ക്രമേണ അന്തർമുഖരായി മാറുകയും ചെയ്യും.

മാനസിക ബുദ്ധിമുട്ടുകൾക്ക് പുറമേ നട്ടെല്ലിന്റെ വളവ് കൂടി വരുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ കാരണമാകും. വേഗത്തിൽ നടക്കുമ്പോഴും പടികൾ കയറുമ്പോഴും ശ്വാസതടസ്സം, കിതപ്പ് എന്നിവ ഉണ്ടാകാം. ചിലരിൽ ഹൃദയത്തെയും ബാധിച്ചേക്കാം. കൂടാതെ കാലുകളിലേക്കു പോകുന്ന നാഡീഞരമ്പുകളെ ബാധിക്കാറുണ്ട്. കുട്ടികളിൽ സ്കോളിയോസിസിന്റെ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധയിൽപ്പെട്ടാൽ മാതാപിതാക്കളോ അധ്യാപകരോ എത്രയും വേഗം വിദഗ്ധോപദേശം തേടാൻ ശ്രമിക്കേണ്ടതുണ്ട്. അശാസ്ത്രീയമായ ചികിത്സാരീതികൾ പൂർണമായും ഒഴിവാക്കുകയും വേണം കാരണം ചികിത്സ വൈകിയാൽ ചികിത്സിച്ച് ഭേദമാക്കുന്നത് പ്രയാസകരമാകും

തയ്യാറാക്കിയത് : ഡോ. കെ.ആർ രഞ്ജിത് (ഓർത്തോപീഡിയാക് സ്പൈൻ സർജറി വിഭാഗം കൺസൾട്ടന്റ് – ആസ്റ്റർ മെഡ്സിറ്റി, കൊച്ചി)

Hot Topics

Related Articles