കോട്ടയം : സംസ്ഥാന ബജറ്റ് എല്ലാ അർത്ഥത്തിലും നെൽകൃഷി മേഖലയെ അവഗണിച്ചെന്ന് നെൽ കർഷക സംരക്ഷണസമിതി. നെല്ല് സംഭരണത്തിന്റെ മുഖ്യ പ്രശ്നം പരിഹരിക്കാൻ സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശിച്ച റിവോൾവിംഗ് ഫണ്ടായി ബഡ്ജറ്റിൽ പണം വകയിരുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചതേയില്ല. കർഷകരുടെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടാതെ പോയത് കർഷകരോടുള്ള സർക്കാരിന്റെ സമീപനമാണ് വെളിവാക്കുന്നത് .നെൽ കൃഷി മേഖലയിലെ പ്രശ്നങ്ങളെയും പരിഹാരങ്ങളെയും സംബന്ധിച്ച് നിരവധി ക്രിയാത്മക നിർദ്ദേശങ്ങൾ സംസ്ഥാനത്തെ 140 എം.എൽ മാരുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. കൂടാതെ ധനവകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേധനം നൽകിയിരുന്നതുമാണ് എന്നാൽ യാതൊന്നും തന്നെ പരിഗണിക്കാതെ രണ്ടര ലക്ഷത്തോളം വരുന്ന കർഷക കുടുംബങ്ങളെയും ഇതിനോട് ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തി ജീവിക്കുന്ന മറ്റനേക ലക്ഷങ്ങളെയും പൂർണ്ണമായും അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോയ മുൻ വർഷത്തിന്റെ തനിയാവർത്തനം തന്നെ ഈ വർഷവും ആകുമോയെന്ന് കർഷകർ ഭയപ്പെടുന്നു. സർക്കാരിന്റെ ഈ അവഗണനക്കെതിരെ ശകതമായ പ്രക്ഷോഭ – സമരങ്ങൾക്കിറങ്ങുവാൻ മുഴുവൻ നെൽ കർഷകരോടും കോട്ടയത്ത് ചേർന്ന നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റി യോഗം അഭ്യർത്ഥിച്ചു.
ബജറ്റ് നിർദ്ദേശങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി കൂടിയ യോഗം സംസ്ഥാന പ്രസിഡണ്ട് റജീന അഷറഫ് കാഞ്ഞിരം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പ്രൊഫ: ജോസഫ് ടിറ്റോ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വി ജെ ലാലി, വർക്കിംഗ് പ്രസിഡണ്ട് പി. ആർ സതീശൻ, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, സെക്രട്ടറി മാത്യു തോമസ് കോട്ടയം, എ ജി അജയകുമാർ, ജയൻ തോട്ടശ്ശേരി, ബെന്നിച്ചൻ ഇല്ലിപ്പറമ്പിൽ, സജി എം വർഗ്ഗീസ്, വൈസ് പ്രസിഡണ്ട് മാരായ പി വേലായുധൻ നായർ, ലാലിച്ചൻ പള്ളിവാതുക്കൽ, കെ ബി മോഹനൻ വെളിയനാട്, സന്തോഷ് പറമ്പിശ്ശേരി, ട്രഷറർ ജോൺ സി ടിറ്റോ, കാർത്തികേയൻ കൈനകരി, കുര്യാക്കോസ് കൈനകരി, ജോഷി വർഗീസ് നെടുമുടി, സുഭാഷ് പറമ്പിശ്ശേരി, വിശ്വനാഥുള്ള ഹരിപ്പാട്, ഷാജി ജോസഫ് പണിക്കര്പറമ്പിൽ, ജോബി ജോസഫ് മൂലംകുന്നം, സജൻ കാളശ്ശേരി, ജോജി ജോസഫ് അട്ടിയിൽ, അൻസാരി പള്ളിപ്പറമ്പ്, സണ്ണി ചാക്കോ തുണ്ടി പറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.