ശമ്പളവും പെൻഷനും തടസ്സപ്പെടുത്തുന്നത് കേന്ദ്രസർക്കാർ : പ്രതിഷേധിക്കുക: ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആൻ്റ് ടീച്ചേഴ്സ് അധ്യാപക സർവീസ് സംഘടന സമരസമിതി 

കോട്ടയം : സാമ്പത്തിക വർഷാവസാനം അർഹതപ്പെട്ട വിഹിതം നിഷേധിച്ച് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും അതുവഴി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കാനും ഇടയാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് & ടിച്ചേഴ്‌സും അധ്യാപക സർവീസ് സംഘടന സമരസമിതിയും ആഹ്വാനം ചെയ്തു. കേന്ദ്രസർക്കാർ അനുവർത്തിക്കുന്ന ഉപരോധ സമാനമായ പ്രതികാര നടപടികളുടെ ഫലമായി കേരളത്തിന് നടപ്പ് സാമ്പത്തിക വർഷം മാത്രം 62400 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത് കേന്ദ്ര പദ്ധതികളുടെ വിഹിതം അനുവദിക്കുന്ന കാര്യത്തിലും നിഷേധാത്മക നിലപാട് തുടരുകയാണ്. പല കേന്ദ്ര പദ്ധതികളുടെയും ചെലവ് പൂർണമായും സംസ്‌ഥാനം വഹിച്ചാലും തൊടു ന്യായങ്ങൾ പറഞ്ഞ് കേന്ദ്ര വിഹിതം നിഷേധിക്കുന്നത് പതിവായി തീർന്നിരിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഫലമുണ്ടാകാത്തതിനാൽ സർവ്വകക്ഷി യോഗം വിളിക്കാനും കേരളത്തിൽ നിന്നുള്ള എംപിമാരുടെ നേത്യത്വത്തിൽ തുടർനടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാർ പരിശ്രമിച്ചെങ്കിലും യുഡിഎഫും അവരുടെ എംപിമാരും അതിനോട് സഹകരിക്കാൻ തയ്യാറായില്ല. ഫലത്തിൽ കേരളത്തിനെതിരായ കേന്ദ്രസർക്കാർ ഉപരോധത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ച് കേരളത്തിന് നീതി ലഭ്യമാക്കാൻ സംസ്‌ഥാന സർക്കാർ നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെ നേത്യത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത് ഡൽഹിയിൽ സമരവും സംഘടിപ്പിച്ചിരുന്നു. കേരളത്തിൻ്റെ ആവശ്യം ന്യായമാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ട സുപ്രിം കോടതി കേന്ദ്രസർക്കാരും കേരളവുമായി പരസ്പരം സംസാരിച്ച് പ്രശ്‌നപരിഹാരം ഉണ്ടാകണമെന്ന് നിർദ്ദേശിച്ചെങ്കിലും നിഷേധാത്മക നിലപാട് തുടരുകയാണ് കേന്ദ്രസർക്കാർ, സംസ്‌ഥാനത്തിന് അർഹതപ്പെട്ട വിഹിതം നിഷേധിച്ചതിനു പുറമേ കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം തന്നെ സംസ്‌ഥാനത്തിന് എടുക്കാവുന്ന 13609 കോടി രൂപയുടെ വായ്‌പ അനുമതി ലഭ്യമാക്കണമെങ്കിൽ സുപ്രീംകോടതിയിലെ കേസ് പിൻവലിക്കണമെന്ന വിചിത്രമായ വാദമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ ഫെഡറൽ വ്യവസ്‌ഥയെ മാത്രമല്ല പരമോന്നത നീതിപീഠത്തേയും വെല്ലുവിളിക്കുന്ന കേന്ദ്രസർക്കാർ സാമ്പത്തിക വർഷാവസാനം നടത്തേണ്ട പദ്ധതി നിർവഹണവും വികസനക്ഷേമ പ്രവർത്തനങ്ങളും മാത്രമല്ല ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ അവസാനവും സമാനമായ സാഹചര്യം സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിച്ചിരുന്നു. എന്നാൽ സംസ്‌ഥാന സർക്കാർ കൈക്കൊണ്ട ഫലപ്രദവും ഭാവന പൂർണ്ണവുമായ നടപടികളിലൂടെ പ്രതിസന്ധി മുറിച്ചു കടക്കാനായി. ഈ വർഷമാകുട്ടെ താൽക്കാലിക പ്രശ് നപരിഹാരത്തിന് ഉപയോഗിക്കാവുന്ന അക്കൗണ്ടുകളിൽ നിന്നുള്ള വിഹിതം പോലും നിഷേധിച്ചുകൊണ്ട് സംസ്‌ഥാനത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും അവതാളത്തിൽ ആക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സംസ്‌ഥാന സർക്കാരിനെതിരായ ജനവികാരം ഇളക്കിവിടുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് ഇത്തരം ഹീന കൃത്യങ്ങൾ ചെയ്യുന്നത്. പദ്ധതി നിർവഹണം തടസ്സപ്പെടുത്തുന്നതും വികസന ക്ഷേമപരിപാടികൾ തകർക്കുന്നതും ശമ്പളം പെൻഷനും നിഷേധിക്കുന്നതുമായ കേന്ദ്രസർക്കാർ നടപടിക്കെതിരെ ഓഫീസ് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താനും മാർച്ച് 5 ചൊവ്വാഴ്‌ച സംസ്‌ഥാനത്തെമ്പാടും ബാഡ്‌ജ് ധരിച്ച് കരിദിനാചരണം നടത്താനും മുഴുവൻ ജീവനക്കാരും അധ്യാപകരും തയ്യാറാകണമെന്നും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആൻ്റ് ടീച്ചേഴ്സ് അധ്യാപക സർവീസ് സംഘടന സമരസമിതി ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.