കോട്ടയം : സമരത്തിന്റെ പേരിൽ അക്രമം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആഹ്വാനം ചെയ്തത് ഗവർണറല്ല താൻ തന്നെയാണ് പ്രതിപക്ഷ നേതാവെന്ന് അണികളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ ആരോപിച്ചു. തലസ്ഥാന നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയത് അക്ഷരാർത്ഥത്തിൽ കലാപം തന്നെയാണ്. ഒരുതരത്തിലും അംഗീകരിക്കാൻ ആവാത്ത രീതിയിലുള്ള അക്രമത്തിനാണ് ഇവർ നേതൃത്വം നൽകിയത്. ഈ അക്രമം നടത്താൻ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവ് തന്നെയാണ്. ഗവർണർ പ്രതിപക്ഷ നേതാവിന്റെ ജോലി ഏറ്റെടുത്തതോടെ വിഡി സതീശനും കോൺഗ്രസും പ്രതിരോധത്തിലായി. അണികൾ കൊഴിഞ്ഞ് പോകുന്നത് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷ നേതാവ് അക്രമത്തിന് ആഹ്വാനം നൽകിയത്. ലോകത്തിനുതന്നെ മാതൃകയായ നവ കേരള സദസ്സ് തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കാൻ ഇരിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമം സാധാരണ ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഇത് സാധാരണക്കാരായ ആളുകളുടെ ജനകീയ പ്രശ്നങ്ങളെ മന്ത്രിസഭ പരിഗണിക്കുന്നതിനെതടയാനുള്ള ശ്രമമായി മാത്രമേ കാണാനാകു. ജനങ്ങളെ വെല്ലുവിളിച്ച് നടത്തുന്ന ഇത്തരം സമരങ്ങളെ കേരളത്തിലെ സാധാരണ തള്ളിക്കളയുമെന്നും സിറിയക് ചാഴികാടൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസിനെ സംഘ പരിവാറിന്റെ തൊഴുത്തിൽ കെട്ടാനാണ് ഇപ്പോൾ പ്രതിപക്ഷ നേതാവും , കെ പി സി സി പ്രസിഡന്റും ശ്രമിക്കുന്നത്. ഗവർണറെ പിൻതുണച്ച് സംഘ പരിവാറിനെ പ്രീണിപ്പിക്കാനാണ് ഇപ്പോൾ കോൺഗ്രസിന്റെ നീക്കം. എന്നാൽ , ഇത് ജനം തിരിച്ചറിയുമെന്നും യൂത്ത് ഫ്രണ്ട് എം പറഞ്ഞു.