പത്തനംതിട്ട: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമായി മലയാലപ്പുഴ മുസലിയാര്‍ കോളജിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
കായിക നേട്ടങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ജില്ലയായി പത്തനംതിട്ട മാറിയെന്ന് സംഘാടക സമിതി യോഗം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ പറഞ്ഞു. മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ജില്ലയ്ക്ക് സാധിക്കുന്നതില്‍ ഒരു നല്ല പങ്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി കായികമേഖലയില്‍ തീര്‍ത്തും സ്തംഭനം ആയിരുന്നു. അവയെല്ലാം മറികടന്നാണ് ജില്ല കൂടുതല്‍ കായിക നേട്ടങ്ങള്‍ നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
താമസസൗകര്യം, ഭക്ഷണ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു. ഇതിനോടകം വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ എസ്.കെ. ജവഹര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് തങ്കച്ചന്‍. പി. ജോസഫ്, വിവിധ കോച്ചുമാരും, അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍
Advertisements