കോട്ടയം നഗരസഭയുടെ മാണിക്കുന്നം വേളൂർ ഏരിയയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി; വിദ്യാർത്ഥികളെ അടക്കം നായ കടിക്കാൻ ഓടിച്ചിട്ടും നഗരസഭ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി

കോട്ടയം: നഗരസഭയുടെ പടിഞ്ഞാറൻമേഖലയായ മാണിക്കുന്നം, തിരുവാതുക്കൽ വേളൂർ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. ഇളമ്പള്ളിപ്പാലം – മാണിക്കുന്നം റോഡിലാണ് നായ ശല്യം അതിരൂക്ഷമായി മാറിയിരിക്കുന്നത്. മാണിക്കുന്നം ബസ് സ്‌റ്റോപ്പിൽ അടക്കം തെരുവുനായ്ക്കൾ റോഡിൽ കിടക്കുന്ന സാഹചര്യമാണ് ഉള്ളത്. പ്രദേശത്ത് വിദ്യാർത്ഥികളെ അടക്കം തെരുവുനായ കടിയ്ക്കാൻ ഓടിച്ചിട്ടും നഗരസഭ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. കോട്ടയം നഗരസഭയുടെ നിരവധി വാർഡുകളാണ് ഈ പ്രദേശത്ത് ഉള്ളത്. ഈ വാർഡുകളിൽ എല്ലാം തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. വൈകുന്നേരങ്ങളിൽ അടക്കം നായകൾ ശല്യമായി തുടരുകയാണ്. ഈ സ്ഥലങ്ങളിലൂടെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നടക്കാനാവാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെൺകുട്ടികൾ അടക്കമുള്ളവരെ തെരുവുനായ കടിയ്ക്കാൻ ഓടിയ്ക്കുന്ന സാഹചര്യം ഉണ്ടായി. ഇതേ തുടർന്ന് നാട്ടുകാർ ഭീതിയിലാണ്. പ്രദേശത്തുള്ള മുതിർന്ന ആളുകളെ അടക്കം തെരുനായ കടിയ്ക്കാൻ ഓടിയ്ക്കുകയായിരുന്നു. പ്രദേശത്തെ ഒരു വീട്ടമ്മ വളർത്തുന്ന നായ്ക്കളാണ് ഇവിടെ പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് പരാതി. നായ്ക്കളെ പിടികൂടാനും നാട്ടുകാരുടെ ഭീതി ഒഴിവാക്കാനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisements

Hot Topics

Related Articles