കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ തള്ളി കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി. വിദ്യാർത്ഥിയായ തന്റെ പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലിലാണ് അനുപമ. അച്ഛൻ പത്മകുമാർ പൂജപ്പുര സെൻട്രൽ ജയിലിലാണ്. കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. നവംബര്‍ 27-ന് ആയിരുന്നു ഒട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ കുടുംബം കാറില്‍ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം.
കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഒന്നാം പ്രതി കെ ആര് പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെ തന്റെ പഠനം തുടരാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് അനുപമ കോടതിയെ സമീപിക്കുകയായിരുന്നു.