കോട്ടയം: കോട്ടയത്തെ കോഴിക്കടകളിൽ സുനാമി ഇറച്ചിയെന്ന പേരിൽ അറിയപ്പെടുന്ന ചത്ത കോഴിയുടെ ഇറച്ചി വ്ിൽപ്പന വ്യാപകമാകുന്നു. ചത്തവയെ സൗജന്യമായാണ് കച്ചവടക്കാർക്ക് ലഭിക്കുന്നത്. ഇവ ജീവനുള്ളവയ്ക്കാപ്പം ലോറികളിൽ കേരളത്തിലെത്തിക്കും. മുകൾ തട്ടിലെ ഇരുമ്ബുകൂടുകളിൽ ജീവനുള്ള കോഴികളും മദ്ധ്യത്തിൽ ചത്തവയെയുമാണ് നിറയ്ക്കുന്നത്. ചെക്ക് പോസ്റ്റുകളിൽ കോഴ നൽകിയാണ് പരിശോധനയില്ലാതെ ചത്ത കോഴികളെ അതിർത്തി കടത്തുന്നത്.
പുലർച്ചെ കടകളിലെത്തുന്ന വാഹനങ്ങളിൽ നിന്ന് ചത്ത കോഴികളെ ഹോട്ടലുകൾക്ക് നൽകും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന നിരവധി കടകൾ ജില്ലയിലുണ്ട്. പുലർച്ചെ തന്നെ സുനാമി ഇറച്ചി ഡ്രസ് ചെയ്ത് ഫ്രീസറിലാക്കും. വിലക്കുറവായതിനാൽ സുനാമി ഇറച്ചിയോട് ഹോട്ടലുകൾക്കും ബേക്കറികൾക്കും കാറ്ററിംഗ് സ്ഥാപനങ്ങൾക്കും പ്രിയമേറെയാണ്..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കോഴിക്കടകളിലെ പരിശോധന അട്ടിമറിക്കുകയാണെന്നും ആക്ഷേപമുണ്ട്. കോട്ടയം നഗരത്തിലെ ഹോൾസെയിൽ കടയിൽ ചത്ത കോഴികളെ എത്തിക്കുന്നുണ്ടെന്ന പരാതി ചില വില്പനക്കാർ അറിയിച്ചിട്ടും പരിശോധനയുണ്ടായില്ല.
ഹോട്ടലുകളിൽ നിന്ന് കുഴിമന്തി, ഷവർമ, അൽഫാം എന്നിവ കഴിച്ചവർക്ക് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റതും, സംക്രാന്തിയിലെ ഹോട്ടലിൽ നിന്നുള്ള കുഴിമന്തി കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് മരിച്ചതും കാരണം കോഴി വിഭവങ്ങൾ കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. ഇതോടെ കോഴി വിലയും ഇടിഞ്ഞു. ഒരു മാസം മുമ്ബ് കിലോയ്ക്ക് 135 വരെ ഉയർന്ന വില കഴിഞ്ഞ ഞായറാഴ്ച 118 ആയി. ഇന്നലെ 103 രൂപയിലുമെത്തി. എന്നാൽ ഹോട്ടലുകളിലെയും തട്ടുകളിലെയും കോഴി വിഭവങ്ങൾക്ക് വില കുറച്ചിട്ടില്ലെന്നും പരാതിയുണ്ട്.
ജില്ലയിൽ സർക്കാർ അംഗീകാരമുള്ള സ്ലോട്ടർ ഹൗസുകളുടെ എണ്ണം കുറഞ്ഞതിനാൽ സ്വകാര്യ വ്യക്തികൾ യാതൊരു പരിശോധനയുമില്ലാതെ മാടുകളെ അറക്കുന്നത് പതിവായതോടെയാണ് സുനാമി ഇറച്ചിയും വ്യാപകമായത്. കോട്ടയം നഗരസഭയിലെ സ്ലോട്ടർ ഹൗസ് പൂട്ടിയിട്ട് വർഷങ്ങളായി ഇതിനു ശേഷം സ്വകാര്യ ഹൗസുകളിൽ നിന്നുള്ള മാംസമാണ് നഗരത്തിലെ ഹോട്ടലുകളിൽ എത്തുന്നത്.