കൊടുംചൂട്… ഭക്ഷണ കാര്യത്തിലും വേണം ശ്രദ്ധ; വേനല്‍ക്കാലത്ത് എന്ത് കഴിക്കാം, എന്തൊക്കെ ഒഴിവാക്കാം? 

വേനല്‍ച്ചൂട് കൊടുംപിരി കൊണ്ടിരിക്കുകയാണ്. അസഹ്യമായ ചൂട് കാരണം പുറത്തിറങ്ങാന്‍ പോലും പലരും മടിക്കുന്നു. ചൂട് സഹിക്കാന്‍ കഴിയാത്തത് മാത്രമല്ല പലതരം ആരോഗ്യപ്രശ്‌നങ്ങളും ആളുകളെ അലട്ടുകയാണ്. ആരോഗ്യകാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തേണ്ട സമയം കൂടിയാണിത്. മനസ്സിന് സംതൃപ്തിയും ശരീരത്തിന് കുളിര്‍മയും നല്‍കുന്ന ഭക്ഷണശീലങ്ങള്‍ പാലിക്കേണ്ടതുണ്ട്. 

Advertisements

ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് ഈ കൊടുംവേനല്‍ക്കാലത്ത് ആവശ്യമാണ്. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ഈ സമയത്ത് അഭികാമ്യം. ധാരാളം പഴങ്ങളും പച്ചക്കറിയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധവേണം. കൊടുംചൂടിനെ ചെറുക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണശീലങ്ങള്‍ നോക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളം കുടിക്കുക ധാരാളം

വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടി വരുന്നതോടെ വിയര്‍പ്പിലൂടെ ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടമാകും. ഇത് നിര്‍ജലീകരണത്തിന് കാരണമാകും.  ക്ഷീണം, തലകറക്കം, മൂത്രാശയരോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കും. ജലാംശം നിലനിര്‍ത്താന്‍ ആവശ്യമായ അളവില്‍ ശുദ്ധമായ വെള്ളം കുടിക്കുകയെന്നതാണ് ആദ്യത്തെ വഴി. എന്നാല്‍ ജലാംശം കൂടുതല്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തണ്ണിമത്തന്‍, വെള്ളരിക്ക, ഓറഞ്ച്, സ്‌ട്രോബെറി, തക്കാളി തുടങ്ങിയവയെല്ലാം ധാരാളമായി ഉള്‍പ്പെടുത്താം. ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം മറ്റ് പോഷകങ്ങളാലും ഇവ സമ്പന്നമാണ്. സംഭാരം, ഉപ്പിട്ട നാരാങ്ങാ വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിവയെല്ലാം നല്ലതാണ്. പൊട്ടാസ്യയം ധാരാളം അടങ്ങിയ ഏത്തപ്പഴം, അവോക്കാഡോ, ചീര തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മിതമായ ഭക്ഷണം

എളുപ്പത്തില്‍ ദഹിക്കുന്ന ലഘുവായ ഭക്ഷണമാണ് ഈ വേനല്‍ക്കാലത്ത് ഏറ്റവും അഭികാമ്യം. ധാരാളം എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിലെ ആന്തരിക താപനില ഉയര്‍ത്തുകയും ക്ഷീണം, തളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ശരീരത്തിനും ആശ്വാസമാകും. ഇത് ശരീരത്തെ ആക്ടീവായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. 

എരിവും പുളിയും അല്‍പ്പം കുറയ്ക്കുന്നതാണ് ഈ ചൂട് കാലത്ത് നല്ലത്. ധാരാളം വെള്ളം കുടിക്കേണ്ടി വരുന്നതിനാല്‍ പലര്‍ക്കും വിശപ്പില്ലായ്മ അനുഭവപ്പെട്ടേക്കാം. ഇതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയും. അതിനാല്‍ തന്നെ കഴിക്കുന്ന ഭക്ഷണം സമീകൃതമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

ചൂട് കുറയ്ക്കുന്ന ഭക്ഷണം

ശരീരത്തിന്റെ താപനില കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് ഉള്‍പ്പെടുത്തേണ്ടതുണ്ട്.  യോഗര്‍ട്ട്, വെള്ളരിക്ക, പുതിനയില,  തേങ്ങ, പുളിയുള്ള പഴങ്ങള്‍ തുടങ്ങിയവയെല്ലാം ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ പതിവായ വേനല്‍ക്കാലത്ത് വയറിന്റെ ആരോഗ്യത്തിനായി ധാരാളം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. വേനല്‍ക്കാലത്ത് ഭക്ഷണം പെട്ടെന്ന് കേടായിപ്പോകാനുളള സാധ്യത കൂടുതലാണ്. കൃത്യമായ താപനിലയിലാണ് ഇവ ശേഖരിച്ച് വയ്ക്കുന്നതെന്ന് ഉറപ്പുവരുത്തുക. ഡയറി ഉല്‍പ്പന്നങ്ങളും മാംസാഹാരവും ദീര്‍ഘനേരം പുറത്ത് വയ്ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

മധുരം കുറയ്ക്കാം

വേനല്‍ച്ചൂടില്‍ വെന്തുരുകുമ്പോള്‍ കൂള്‍ ഡ്രിംഗ്‌സുകളും ഐസ്‌ക്രീമുമെല്ലാം കഴിക്കാന്‍ തോന്നുമെങ്കിലും ഈ സമയത്ത് അവ ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാര ധാരാളം അടങ്ങിയ ഇത്തരം പാനിയങ്ങള്‍ നിര്‍ജലീകരണത്തിന് കാരണമാകും.  ഇതോടെ കടുത്ത ക്ഷീണവും തലവേദനയും അനുഭവപ്പെട്ടേക്കാം. പഞ്ചസാര ചേര്‍ത്ത പാനിയങ്ങള്‍ക്ക് പകരം ധാരാളം പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി സ്മൂത്തികളോ ജ്യൂസുകളോ വീട്ടില്‍ തന്നെ തയ്യാറാക്കാം. എണ്ണയില്‍ പൊരിച്ചതും മധുരമുള്ളതുമായ സ്‌നാക്‌സുകള്‍ക്ക് പകരം നട്‌സുകളോ പഴങ്ങളോ ഉള്‍പ്പെടുത്താവുന്നതാണ്. മധുരമിട്ട ചായ, കാപ്പി തുടങ്ങിയവ ഇടക്കിടെ കഴിക്കുന്ന ശീലം നിയന്ത്രിക്കുന്നതാണ് ഉചിതം. 

മദ്യം വേണ്ട

ചൂട് കാലത്ത് നല്ല തണുത്ത ബിയര്‍ കുടിക്കുന്നത് പലര്‍ക്കും ഇഷ്ടമാണ്. കുടിക്കുമ്പോള്‍ താല്‍ക്കാലികമായി ചൂട് ശമിക്കുമെന്ന് തോന്നുമെങ്കിലും ശരീരത്തിലെ നിര്‍ജലീകരണത്തിന്റെ തോത് ഇത് വര്‍ദ്ധിപ്പിക്കും. കഠിനമായ ചൂടുകാലത്ത് മദ്യപാനം പൂര്‍ണമായും ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ കഴിക്കുന്നതിന്റെ അളവില്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കുക. മദ്യപാനത്തിന് ശേഷം ധാരാളമായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. മദ്യത്തിനൊപ്പം എണ്ണയില്‍ പൊരിച്ച സ്‌നാക്‌സുകള്‍ കഴിക്കുന്നത് ഒഴിവാക്കി പകരം  പച്ചക്കറി സാലഡോ പഴവര്‍ഗങ്ങളോ ഉള്‍പ്പെടുത്തണം.

Hot Topics

Related Articles