തിരുവനന്തപുരം: കൊവിഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ച മദ്യവിൽപ്പന വേണ്ടെന്ന നിലപാടുമായി എക്‌സൈസ് വകുപ്പ്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന 23 നും 30 നും മദ്യവിൽപ്പന വേണ്ടെന്ന നിലപാടാണ് ഇപ്പോൾ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബാറുകളും, ബിവറേജുകളും 23 നും 30 നും തുറക്കേണ്ടെന്നു കാട്ടി എക്‌സൈസ് വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇതോടെ ജില്ലയിൽ ഞായറാഴ്ച ബാറുകളും ബിവറേജുകളും പ്രവർത്തിക്കില്ലെന്നും ഉറപ്പായി.
നേരത്തെ ഞായറാഴ്ച ബാറുകളിൽ പാഴ്‌സലായി മദ്യം ലഭിക്കുമെന്നു സൂചനയുണ്ടായിരുന്നു. എന്നാൽ, കൊവിഡ് നിയന്ത്രണം കർശനമായി തുടരുന്ന സാഹചര്യത്തിൽ ഈ മദ്യവിൽപ്പന ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്തെ ബാറുകളിലും ബിവറേജുകളിലും തിരക്ക് വർദ്ധിച്ചിട്ടുണ്ട്. ഞായറാഴ്ച സർക്കാർ വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നാളെ വീട്ടിൽ സമയം ചിലവഴിക്കുന്നവരാണ് മദ്യം വാങ്ങി സൂക്ഷിക്കുന്നത്.