സംക്രാന്തി: മീൻ വാങ്ങി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഭർത്താവിന്റെ കൺമുന്നിൽ യുവതി ട്രെയിൻ തട്ടി മരിച്ചു. നീലിമംഗലം സംക്രാന്തി സ്വദേശിയായ ജൈന (37)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സംക്രാന്തിയിലെ പെട്രോൾ പമ്പിനു സ്മീപത്തെ മീൻ കടയിൽ നിന്നും മീൻ വാങ്ങി വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ജൈന. ഈ സമയം ഇവരുടെ ഭർത്താവ് റെയിവേ ട്രാക്കിനു സമീപത്തു നിൽക്കുകയായിരുന്നു. ഇവർ വീട്ടിലേയ്ക്കു പോകുന്നതിനായി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തിൽ എത്തിയ ട്രെയിൻ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. ട്രെയിനിന്റെ എൻജിൻ ഭാഗം മാത്രമാണ് അമിത വേഗത്തിൽ എത്തി ഇവരെ ഇടിച്ചു വീഴ്ത്തിയത്. ഭർത്താവ് മുന്നറിയിപ്പ് നൽകിയെങ്കിലും ജൈനയ്ക്ക് രക്ഷപെടാൻ സാധിച്ചില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.