ഒരു പ്രധാന ശസ്ത്രക്രിയയുടെ മുറിവുകളോ പാടുകളോ ഇല്ലാതെ ഹൃദയത്തിന്റെ പ്രധാന വാല്‍വ് മാറ്റി വയ്ക്കുന്ന ചികിത്സാരീതിയാണ് ട്രാന്‍സ്കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന് അഥവാ ടാവി. ഏറ്റവും കുറച്ച് മാത്രം ആശുപത്രിവാസം ആവശ്യമായുള്ളതും കേവലം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സാധാരണ ജീവിതചര്യയിലേക്കും തൊഴിലിലേക്കും രോഗിയ്ക്ക് മടങ്ങിപ്പോകാമെന്നതും ഈ ചികിത്സാരീതിയുടെ പ്രത്യേകതയാണ്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള അവബോധമില്ലായ്മ, അകാരണമായ ഭയത്തിലേക്ക് പലപ്പോഴും രോഗികളെ എത്തിക്കാറുണ്ട്. ഇത്തരം മിഥ്യാധാരണകള്‍ ഇല്ലാതാക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ടാവി ചികിത്സ ചെയ്യുന്നതിന് വിവിധ ചികിത്സാവകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണ്. കിംസ്ഹെല്‍ത്തിലെ ഹൃദ്രോഗവിഭാഗമാണ് ഈ ചികിത്സാരീതിയ്ക്ക് നേതൃത്വം നല്‍കുന്നത്. അനസ്തീഷ്യ, റേഡിയോളജി എന്നിവയുടെ സുപ്രധാന സഹകരണത്തോടെ കുറഞ്ഞ സമയം കൊണ്ട് വിജയകരമായി ഈ ചികിത്സ പൂര്‍ത്തിയാക്കാനാകുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൃദയത്തില്‍ നിന്ന് ശരീരത്തിലേക്ക് രക്തസഞ്ചാരം നിയന്ത്രിക്കുന്ന ഒന്നാണ് അയോര്‍ട്ടിക് വാല്‍വ്. കാത്സ്യം അടിഞ്ഞു കൂടുന്നത് നിമിത്തം ഇതിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നു. എക്കോ കാര്‍ഡിയോഗ്രാമിലൂടെ ഈ തകരാര്‍ കണ്ടെത്താനാകും. അതിനു ശേഷം റേഡിയോളജി വിഭാഗത്തിന്റെ സഹായത്തോടെ അയോര്‍ട്ടിക് വാല്‍വിന്റെ സിടി സ്കാന്‍ ചെയ്യുന്നു. ഇതു വഴി കാത്സ്യം അടിഞ്ഞു കൂടിയതിന്റെ കട്ടി, അയോര്‍ട്ട രക്തക്കുഴലിന്റെ വ്യാസം, അവിടുന്ന് കാലിലേക്കുള്ള രക്തക്കുഴലിന്റെ വ്യാസം എന്നിവ അറിയാന്‍ സാധിക്കും. വാല്‍വിന്റെ പൂര്‍ണമായ ഘടന മനസിലാക്കാന്‍ ഇത് സഹായിക്കുന്നു.
ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് ഏറെക്കുറെ സമാനമായ ചികിത്സാരീതി തന്നെയാണ് ടാവിയിലും അവലംബിക്കുന്നത്. ഇതിനു പുറമെ അന്നനാളത്തിലൂടെ കടത്തിവിടുന്ന ഇക്കോ കാര്ഡിയോഗ്രാമിന്റെയും സഹായം ഈ ചികിത്സയ്ക്ക് ആവശ്യമാണ്. കാലിലെ രക്തക്കുഴിലിലൂടെ നേര്‍ത്ത കത്തീറ്റര്‍ കടത്തി വിടുകയാണ് ആദ്യ പടി. അതിലൂടെ ഒരു ബലൂണ്‍ കയറ്റി വിട്ട് കാത്സ്യം അടിഞ്ഞ അയോര്‍ട്ടിക് വാല്‍വിനെ ഉടച്ച് വലുതാക്കുന്നു. പിന്നീട് അവിടെ ഘടിപ്പിക്കാനുള്ള വാല്‍വ് മറ്റൊരു ബലൂണിന്റെ സഹായത്തോടെ (അപൂര്‍വമായി ബലൂണില്ലാതെയും) കൃത്യമായി പഴയ വാല്‍വിന്റെ സ്ഥാനത്തുറപ്പിക്കുന്നു. വാല്‍വിന്റെ പ്രവര്‍ത്തനം പഴയപടിയിലാണോയെന്ന് പരിശോധനകളിലൂടെ ഉറപ്പു വരുത്തിയ ശേഷം എല്ലാ കതീറ്ററും പുറത്തെടുക്കും.
മുറിക്കു പുറത്തിറങ്ങുമ്പോള്‍ തന്നെ രോഗിയ്ക്ക് ബോധമുണ്ടായിരിക്കും. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തന്നെ രോഗിയ്ക്ക് ആശുപത്രി വിടാവുന്നതാണ്. ഒരാഴ്ചയ്ക്കുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് കടക്കാനാകും.
ടാവി ചികിത്സയ്ക്ക് ശേഷം രക്തം കട്ട പിടിക്കാതിരിക്കാനുള്ള ഗുളികകള്‍ കഴിക്കേണ്ട ആവശ്യമില്ല. സാധാരണ ഹൃദ്രോഗികള്‍ കഴിക്കുന്ന ആസ്പിരിന്‍ ഗുളികകള്‍ മാത്രം മതിയാകും.
ചെലവ് കൂടുതലാണെന്നതാണ് ടാവി ചികിത്സയ്ക്ക് പലരും വിമുഖത കാണിക്കുന്നത്. എന്നാല്‍ ഈ ചികിത്സാരീതി തുടങ്ങിയ കാലത്തേക്കാള്‍ വളരെ ചെലവ് കുറവാണ് ഇപ്പോളിതിന് വേണ്ടി വരുന്നത്. അപകടസാധ്യത തുലോം കുറവായ ഈ ചികിത്സാരീതിയെക്കുറിച്ച് വൈദ്യശാസ്ത്രമേഖലയിലും രോഗികള്ക്കിടയിലും അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.