താഴത്തങ്ങാടി: ഇക്ബാൽ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള താഴത്തങ്ങാടി റിവർ ഫെസ്റ്റ് 2023 ആഗസ്റ്റ് 15 ചൊവ്വാഴ്ച നടക്കും. ജലദുരന്തങ്ങൾ നിത്യസംഭവമാകുന്ന പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിനം താഴത്തങ്ങാടി മീനച്ചിലാറ്റിൽ ജലസാക്ഷരതാദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു. രാവിലെ ഒൻപതിന് കുളപ്പുരക്കടവ് സായാഹ്ന വിശ്രമ കേന്ദ്രത്തിൽ ദേശീയ പതാക ഉയർത്തൽ നടക്കും. ജലദുരന്ത – സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി കൊളാഷ് പ്രദർശനം നടക്കും. ഉച്ചയ്ക്ക് രണ്ടിന് താഴത്തങ്ങാടി ഇടയ്ക്കാട്ട് പള്ളിക്കടവിലെ സ്റ്റാർട്ടിംങ് പോയിന്റിൽ നീന്തൽ നടക്കും. വൈകിട്ട് മൂന്നിന് കുമ്മനം കളപ്പുരക്കടവിൽ സ്വീകരണം നടക്കും. താഴത്തങ്ങാടി അറുപുഴ തൂക്കുപാലത്തിൽ നീന്തൽ സമാപനം നടക്കും. വൈകിട്ട് നാലരയ്ക്ക് അറുപുഴ കുളപ്പുരക്കടവ് സായാഹ്ന കേന്ദ്രത്തിൽ ഫ്ളാഗ് മാർച്ച് നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ എന്നിവർ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.