മുസ്ലിം സംവരണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് ടിഡിപി; സ്പീക്കർ പദവിയും വേണം; എൻഡിഎ യോഗത്തിനെത്തി നേതാക്കൾ

ദില്ലി : ആന്ധ്രപ്രദേശില്‍ 4% മുസ്ലിം സംവരണം നിലനിർത്തുമെന്ന പ്രകടനപത്രികാ വാഗ്ദാനത്തില്‍ നിന്ന് ടിഡിപി ഒരു കാരണവശാലും പിന്നാക്കം പോകില്ലെന്ന് റിപ്പോർട്ട്. സ്പീക്കർ പദവിയിലും ടിഡിപി ഉറച്ച്‌ നില്‍ക്കുകയാണെന്നാണ് നിലവില്‍ പുറത്തു വരുന്ന സൂചന. എൻഡിഎ സർക്കാരിന് പിന്തുണയുമായി മുന്നോട്ടു പോവുന്ന ചന്ദ്രബാബു നായിഡു ഇന്നലെ രാത്രി ദില്ലിയില്‍ എത്തിയിരുന്നു. താൻ മുന്നോട്ടുവെച്ച ആവശ്യങ്ങളുമായി നായിഡു വിലപേശല്‍ തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നരേന്ദ്രമോദി മുസ്ലിം വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് സംവരണത്തെ കടന്നാക്രമിച്ചിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ടിഡിപിയുടെ നിലപാടുകള്‍ ബിജെപിയ്ക്ക് തലവേദനയാവും.

Advertisements

അതിനിടെ, എൻഡിഎ യോഗത്തിനായി എല്‍ജെപി ചിരാഗ് പാസ്വാൻ ദില്ലിയിലെത്തി. ചിരാഗ് പാസ്വാനെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുത്തു. മോദിയുടെ നേതൃത്വത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. ഒരു ഉപാധിയും ആരും വച്ചിട്ടില്ല. ഇന്ന് എൻഡിഎ സർക്കാർ രൂപീകരിക്കാനുള്ള കത്ത് രാഷട്രപതിക്ക് നല്‍കുമെന്നും പാസ്വാൻ പ്രതികരിച്ചു. സർക്കാർ അഗ്നീവീർ പദ്ധതി തുടരണോയെന്നതില്‍ ഒന്നിച്ച്‌ തീരുമാനമെടുക്കും. എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ച നടത്താൻ സ്വാതന്ത്ര്യമുണ്ട്. ചർച്ചയ്ക്കായി പ്രധാനമന്ത്രി സ്വാതന്ത്യം നല്‍കുന്നത് നല്ല കാര്യം. ഇതുവരെ പദ്ധതിയിലൂടെ എത്ര പേർക്ക് ഗുണമുണ്ടായെന്ന് അറിയില്ലെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. മോദി ഉടൻ തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിപക്ഷത്തെ ജനം തള്ളി കളഞ്ഞു. മോദിക്ക് ഘടക കക്ഷികളുടെ പൂർണ പിന്തുണയുണ്ടെന്നും ഷിൻഡെ പറഞ്ഞു. എൻഡിഎ യോഗത്തില്‍ പങ്കെടുക്കാനായി യോഗി ആദിത്യനാഥ് ദില്ലിയിലെത്തിയിട്ടുണ്ട്. അമിത് ഷാ എൻഡിഎ യോഗത്തിനെത്തിയിട്ടുണ്ട്. പാർലമെന്‍റിലെ സെൻട്രല്‍ ഹാളിലാണ് യോഗം ചേരുക. യോഗത്തില്‍ നരേന്ദ്രമോദിയെ പാർലമെന്‍റിലെ എൻഡിഎ നേതാവായി തെരഞ്ഞെടുക്കും. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷൻമാരും ഈ യോഗത്തില്‍ പങ്കെടുക്കും. എൻഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും. യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കള്‍ നല്‍കും.

ഞായറാഴ്ചയാണ് ദില്ലിയില്‍ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കള്‍ ദില്ലിയില്‍ എത്തും. അതേസമയം സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടില്‍ ടിഡിപി ഉറച്ചു നില്‍ക്കുകയാണ്. സ്ഫീക്കർ സ്ഥാനം ടിഡിപിക്ക് നല്കുന്നതില്‍ ബിജെപി നേതാക്കള്‍ ഇന്നലെ ചർച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കർ സ്ഥാനം ബിജെപി നല്കിയേക്കും. അതേസമയം, ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശവും ജെഡിയു തള്ളി. അര്‍ഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയില്‍ വേണമെന്നാണ് ജെഡിയുവിന്‍റെ ആവശ്യം. അഗ്നിവീര്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് നിര്‍ദേശമെന്നും ജെഡിയു അറിയിച്ചു. സ്പീക്കര്‍ സ്ഥാനത്തിന്‍റെ കാര്യത്തില്‍ ബിജെപി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്.

Hot Topics

Related Articles