കോവളം(തിരുവനന്തപുരം): പാച്ചല്ലൂരിലെ ക്ഷേത്രത്തിന് സമീപത്തായി പഞ്ചലോഹത്തില്‍ നിർമിച്ചതെന്ന് കരുതുന്ന ദുർഗാ ദേവിയുടെ വിഗ്രഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.പാച്ചല്ലൂർ ഭദ്രകാളി ദേവീക്ഷേത്രത്തിന്റെ വടക്കുഭാഗത്തുളള മണ്ഡപത്തിന്റെ സമീപമുളള തെക്കേ വലിയ വിള യോഗീശ്വരാലയം തമ്ബുരാൻ ക്ഷേത്രത്തിന്റെ മുൻപിലുളള മതിലില്‍ ചേർത്തുവച്ച നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. സിംഹത്തിന്റെ പുറത്തിരിക്കുന്ന ദുർഗാദേവീയുടെ വിഗ്രഹമാണിതെന്ന് നാട്ടുകാരും പറഞ്ഞു. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം.
പാച്ചല്ലൂർ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് വിഗ്രഹം കണ്ടത്. തുടർന്ന് സെക്രട്ടറി സന്തോഷ് കുമാറിനെ വിവരമറിയിച്ചു. അദ്ദേഹം ക്ഷേത്രം ഭാരവാഹികളെയും തിരുവല്ലം പോലീസിലും വിവരം കൈമാറി. ഇതേതുടർന്ന് തിരുവല്ലം എസ്.ഐ. നൗഷാദിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാച്ചല്ലൂർ ക്ഷേത്രത്തില്‍നിന്ന് 31 വർഷം മുൻപ് മോഷണം പോയിരുന്ന സ്വർണം കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കുശേഷം തിരികെ ലഭിച്ചിരുന്നു. ഈ ആഭരണങ്ങള്‍ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്രയായിട്ടായിരുന്നു ക്ഷേത്രത്തില്‍ എത്തിച്ചിരുന്നത്. ഇതിന് ഒരാഴ്ച പിന്നിടുന്നതിനു മുൻപ് ക്ഷേത്രത്തിന് സമീപം ദുർഗാ ദേവിയുടെ വിഗ്രഹം കണ്ടെത്തിയതില്‍ നാട്ടുകാർക്കും ക്ഷേത്രം ഭാരവാഹികള്‍ക്കും സംശയമുണ്ടായി. തുടർന്നാണ് പോലീസില്‍ വിവരം കൈമാറിയത്.
പോലീസ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തി ഫൊറൻസിക് വിഭാഗത്തിലെ വിരലടയാള വിദഗ്ധ പ്രിയയും സംഘവും വിഗ്രഹത്തിലുളള വിരലടയാളങ്ങള്‍ പരിശോധിച്ചു. 10 കിലോയോളം തൂക്കമുളള വിഗ്രഹം ചെമ്ബുചേർന്ന ലോഹം കൊണ്ട് നിർമ്മിച്ചതാണെന്നും പറയുന്നു. പോലീസ് സമീപത്തെ സിസിടിവികളും പരിശോധിക്കും. പകല്‍സമയത്ത് ഇത്തരത്തിലുളള വിഗ്രഹം ഉപേക്ഷിച്ചുപോയതില്‍ സംശയമുണ്ടെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. ഇതിന്റെ പഴക്കമടക്കമുളള വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ തിരുവല്ലം പോലീസ് കേസെടുക്കും. തിങ്കളാഴ്ച വിഗ്രഹം കോടതിയില്‍ ഹാജരാക്കും.