കോട്ടയം: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ഓർമ്മ) ഇന്റര്‍നാഷണല്‍ അന്താരാഷ്ട്രാതലത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന പത്ത് ലക്ഷം രൂപ സമ്മാനത്തുകയുള്ള പ്രസംഗ മത്സരത്തിൻ്റെ മൂന്നാം സീസണിനു തുടക്കമായതായി ഓർമ്മ ടാലെൻ്റ് പ്രെമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഫിനാൻഷ്യൽ ഓഫീസർ ഷാജി ആറ്റുപുറം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഏപ്രില്‍ 15 വരെയാണ് ഒന്നാം ഘട്ടം. ആദ്യഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയര്‍-സീനിയര്‍ ക്യാറ്റഗറികളിലെ ഇംഗ്ലീഷ്-മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാൻ അവസരം ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് പഠിക്കുന്ന ഗ്രേഡ് അനുസരിച്ച് ഏഴാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും പതിനൊന്നാം ക്ലാസ് മുതല്‍ ഡിഗ്രി അവസാനവര്‍ഷം വരെയുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം റൗണ്ട് മത്സരത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ജൂനിയര്‍ -സീനിയര്‍ വിഭാഗങ്ങളില്‍ നിന്നും വിജയികളാകുന്ന 13 വീതം വിദ്യാര്‍ത്ഥികള്‍ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഫൈനല്‍ റൗണ്ടിന് മുന്നോടിയായി മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിങില്‍ പ്രത്യേക പരിശീലനം നല്‍കും.
മത്സരവും പരിശീലന പരിപാടികളും തികച്ചും സൗജന്യമാണ്. ഓഗസ്റ്റ് 8,9 തിയതികളില്‍ പാലായിലാണ് മൂന്നാം സീസണിൻ്റെ ഗ്രാന്‍ഡ് ഫിനാലെ നടത്തപ്പെടുന്നത്.
ഗൂഗിള്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചയക്കുകയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ആദ്യപടി. രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ തന്നെ സീനിയര്‍, ജൂനിയര്‍, ഇംഗ്ലീഷ്, മലയാളം മത്സരാര്‍ത്ഥികള്‍ ലോക സമാധാനം (World Peace) എന്ന വിഷയത്തെക്കുറിച്ച് മൂന്ന് മിനിറ്റല്‍ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ ഗൂഗിള്‍ഫോമിലൂടെ അപ്ലോഡ് ചെയ്യണം. ഗൂഗിള്‍ ഫോമില്‍ വീഡിയോ അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം [email protected] എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ മത്സരാര്‍ത്ഥി പേര് കൃത്യമായി പറയണം. സാമ്പിള്‍ വീഡിയോ വെബ്‌സൈറ്റില്‍ കാണാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ormaspeech.org എന്ന വെബ്‌സൈറ്റ് എന്ന വെബ് സൈറ്റിലും 7012606120 നമ്പരിലും ലഭ്യമാണ്.
ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍ 2025’ പ്രതിഭയ്ക്ക് അറ്റോണി ജോസഫ് കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനം ലഭിക്കും.
സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.
ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതമുള്ള നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതമുള്ള മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.
മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ഡോ. കെ നാരായണക്കുറുപ്പ്, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടെസി തോമസ്, അമേരിക്കയിലെ അര്‍ക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അജയ് നായര്‍, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫേഴ്സ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, മെന്റലിസ്റ്റ് നിപിന്‍ നിരവത്ത്, ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ ഉപദേശക സമിതി അംഗങ്ങള്‍.
അമേരിക്കയില്‍ അധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. അറ്റോണി ജോസഫ് കുന്നേല്‍, അലക്‌സ് കുരുവിള, ഡോ. ആനന്ദ് ഹരിദാസ്, ഡോ. ജയരാജ് ആലപ്പാട്ട്, ഷൈന്‍ ജോണ്‍സണ്‍, എന്നിവരാണ് ഡയറക്ടര്‍മാര്‍.
എബി ജെ. ജോസ് (സെക്രട്ടറി), ഷാജി അഗസ്റ്റിൻ (ഫിനാൻഷ്യൽ ഓഫീസർ) എയ്മിലിൻ റോസ് തോമസ് യൂത്ത് കോർഡിനേറ്റർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
സജി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷന്‍ പ്ലാമൂട്ടില്‍ (ട്രഷറര്‍), പബ്ലിക് ആന്‍ഡ് പൊളിറ്റിക്കല്‍ അഫെയര്‍ ചെയര്‍ വിന്‍സന്റ് ഇമ്മാനുവേല്‍, ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മണിവയലില്‍ എന്നിങ്ങനെ ഓര്‍മയിലെ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.
സിനര്‍ജി കണ്‍സള്‍ട്ടന്‍സിയിലെ ബെന്നി കുര്യന്‍, സോയി തോമസ് എന്നിവരാണ് പ്രസംഗ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജോര്‍ജ് കരുണയ്ക്കല്‍, പ്രൊഫസര്‍ ടോമി ചെറിയാന്‍ എന്നിവര്‍ മെന്റ്‌റേഴ്സ് ആയി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഒന്നാം സീസണിൽ 428 പേരും രണ്ടാം സീസണിൽ 1467 പേരും പങ്കെടുത്തിരുന്നു.
പത്രസമ്മേളനത്തിൽ ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മണിവയലില്‍, റെജിമോൻ കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.