കോട്ടയം : തലനാട് വെള്ളാനിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് റോഡിൽ കല്ലും മണ്ണും ചെളിയും നിറഞ്ഞതിനാൽ വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് വാഗമണ്ണിലേക്കുള്ള രാത്രി യാത്രയ്ക്ക് പോലീസ് നിരോധനം ഏർപ്പെടുത്തി. പാലാ ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ വാഗമൺ റൂട്ട് അടച്ചാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. കനത്ത ഉരുൾപൊട്ടലിനെ തുടർന്ന് പല പ്രദേശങ്ങളിലും റോഡിൽ കല്ലും മണ്ണും നിറഞ്ഞ് ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ തീക്കോയി വില്ലേജിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായാണ് പ്രാഥമിക വിവരം. വെള്ളിക്കുളം സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. ചാത്തപ്പുഴ എന്ന ഭാഗത്ത് വെള്ളം പൊങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാരും ഫയർ യൂണിറ്റും ഗതാഗത തടസ്സം മാറ്റിക്കൊണ്ടിരിക്കുന്നു. കൃഷി നാശമുണ്ടാകുകയും ഗതാഗതവും തടസപ്പെട്ടു. തലനാട് വെള്ളാനിയിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. ഒരു റബ്ബർ മിഷൻ പുര ഒഴുകി പോയി. പ്രദേശത്ത് വൻ കൃഷി നാശം. റോഡിൽ മുഴുവൻ കല്ലും മണ്ണും നിറഞ്ഞു. ഒരു റബ്ബർ മിഷൻ പുര ഒഴുകി പോയി. വെള്ളാനി പ്രദേശം ഒറ്റപെട്ടു. ഉരുൾപൊട്ടൽ ഉണ്ടായങ്കിലും പ്രദേശത്ത് ആൾ നാശം ഉണ്ടായില്ല. മലയോരമേഖലയിൽ ഉരുൾപൊട്ടിയതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരും.