തോട്ടകം: വെള്ളത്തിൽ മുങ്ങി യാത്ര ദുരിതപൂർണമായ തലയാഴം പഞ്ചായത്തിലെ മൂന്നാം വാർഡുമായി ബന്ധപ്പെട്ട വാക്കേത്തറ- ചെട്ടിക്കരി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരപരിപാടികൾ ആരംഭിക്കും. 20വർഷം മുമ്പ് നിർമ്മിച്ച റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് നീതികരിക്കാനാവില്ലെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.
വൻ കുഴികൾ രൂപപ്പെട്ട് തകർന്ന റോഡ്. വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചു മഴ കനത്തതോടെ മെറ്റലിട്ട് മീതെ പൂഴിമണ്ണ് വിരിച്ച് ബലപ്പെടുത്തിയിരുന്ന റോഡിലെ മണ്ണൊഴികിപ്പോയി കല്ലുകൾ തെളിഞ്ഞു. ചെളിവെള്ളം നിറഞ്ഞ വൻ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് യാത്രികർക്ക് പരിക്കേൽക്കുന്നത് പതിവായിരുന്നു. തലയാഴംപഞ്ചായത്തിലെ ഏറ്റവും പിന്നോക്ക പ്രദേശമായ ചെട്ടിക്കരിയിലുള്ളവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണിത്.കർഷക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായ ചെട്ടിക്കരി വെള്ളപ്പൊക്ക ദുരിത ബാധിതപ്രദേശമാണ്.ഒന്നര കിലോമീറ്ററോളം ദൈർഘ്യമുളള റോഡ് കുണ്ടും കുഴിയുമായി തകർന്ന് കാൽനട പോലും ദുഷ്കരമായതോടെ പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാകുകയാണ്. വർഷകാലങ്ങളിലും പ്രളയകാലത്തും ദിവസങ്ങളോളം വെള്ളത്തിൽമൂടി കിടന്ന റോഡാണിത്.അസുഖ ബാധിതരെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷകൾ പോലും വരാത്ത സ്ഥിതിയാണ്. ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻലാലിൻ്റെ നേതൃത്വ ത്തിൽ ബി ജെ പി നേതാക്കൾ റോഡിൻ്റെ ശോച്യാവസ്ഥ വിലയിരുത്തി. വൈക്കം മണ്ഡലം പ്രസിഡൻ്റ് എം.കെ. മഹേഷ്, ജില്ലാ വൈസ്പ്രസിഡൻ്റ് ലേഖ അശോകൻ, ജില്ലാ സെക്രട്ടറിമാരായ രൂപേഷ് ആർ.മേനോൻ, പി.ആർ.സുഭാഷ്,മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രീജു കെ.ശശി,ബി ജെ പി തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.സുമേഷ്,മണ്ഡലം ജനറൽ വെച്ചൂർഅമ്പിളിസുനിൽ,വാമദേവൻ, സിജുമോൻ , അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.
തലയാഴം പഞ്ചായത്ത് മൂന്നാം വാർഡിലെ വാക്കേത്തറ- ചെട്ടിക്കരി റോഡിൽ വെള്ളം മുങ്ങി ഗതാഗതം തടസപ്പെട്ടു ; റോഡിൻ്റെ ശോച്യാവസ്ഥ ബി ജെ പി ജില്ലാ പ്രസിഡൻ്റ് ലിജിൻലാലിൻ്റെ നേതൃത്വത്തിൽ വിലയിരുത്തി

Advertisements