ചങ്ങനാശേരി : റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിന് മുന്നിൽ ലൈറ്റ് ബോർഡ് സ്ഥാപിക്കുന്നതിനിടെ ബോർഡ് മറിഞ്ഞ് വൈദ്യുതി ലൈനിലേയ്ക്ക് മറിഞ് വീണുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പ്രദേശവാസികളായ ജിത്തു , രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പാമ്പാടി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ അഭിലാഷ് നടത്തിയ ഇടപെടലാണ് സഹായകരമായത്.
അഭിലാഷ് കൃത്യ സമയത്ത് സിപിആർ നൽകിയതോടെയാണ് യുവാക്കളിൽ ഒരാൾ അപകടനില തരണം ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. തെങ്ങണയിലെ റിലയൻസ് ട്രെൻഡ്‌സിനു മുന്നിൽ ലൈറ്റ് ബോർഡ് സ്ഥാപിക്കുന്നതിനിടെയായിരുന്നു സംഭവം. നിലവിലുണ്ടായിരുന്ന ലൈറ്റ് ബോർഡ് ഇളക്കിമാറ്റി മറ്റൊരു ബോർഡ് സ്ഥാപിക്കുകയായിരുന്നു ഇരുവരും. ലൈറ്റ് ബോർഡ് ഇളക്കി മാറ്റുന്നതിനിടെ ബോർഡ് മറിഞ്ഞ് റോഡരികിലെ 11 കെവി വൈദ്യുതി ലൈനിലേയ്ക്കു വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ലൈനിൽ നിന്നും ലൈറ്റ് ബോർഡിലേയ്ക്കു വൈദ്യുതി പ്രവഹിക്കുകയും രണ്ടു പേരും ഷോക്കേറ്റ് റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഷോക്കേറ്റ ഉടൻ തന്നെ രണ്ടു ജീവനക്കാരും ബോധരഹിതരായി വീണു. പൊട്ടിത്തെറിയ്ക്ക് സമാനമായ വൻ ശബ്ദം കേട്ടതോടെ നാട്ടുകാർ ഉടൻ തന്നെ സ്ഥലത്ത് ഓടിക്കൂടി. ഈ സമയത്താണ് അഭിലാഷും സ്ഥലത്ത് എത്തിയത്. തുടർന്ന് അഭിലാഷ് ഷോക്കേറ്റ് വീണ രണ്ടു പേരിൽ ഒരാൾക്ക് സിപിആർ നൽകി.
കെ.എസ്.ഇ.ബി അധികൃതരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവർ സഹായത്തിന് എത്തിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇതുവഴി എത്തിയ ഓട്ടോറിക്ഷയിൽ പരിക്കേറ്റ് വീണു കിടന്നവരിൽ ഒരാളെ ആശുപത്രിയിൽ എത്തിച്ചു. മറ്റൊരാളെ ഇതുവഴി എത്തിയ പാമ്പാടി അഗ്നിരക്ഷാ സേനാ സംഘത്തിന്റെ ആബുംലൻസിലാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.