കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ യുവതിയെ ശല്യം ചെയ്തയാളുടെ വീഡിയോ പകർത്തി യുവതി പണി നൽകിയെന്നു വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങൾ. തിരുനക്കര ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് നടന്ന സംഭവത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. നടന്നത് എന്താണെന്നന്വേഷിക്കാതെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ അടക്കം വാർത്ത പ്രചരിച്ചത്. വ്യാജ വാർത്ത പ്രചരിച്ചതിനു പിന്നാലെ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.
സംഭവം ഇങ്ങനെ –
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരുനക്കര ബസ് സ്റ്റാൻഡിലൂടെ നടന്നു പോയ യുവതിയുടെ സമീപത്തു കൂടി ഫോൺ ചെയ്തു നടന്നു നീങ്ങിയ ആൾ അസഭ്യം പറയുകയായിരുന്നു. യുവതി ഇയാളെ പിന്നാലെ ചെന്നു വിളിച്ചെങ്കിലും ഇയാൾ കേട്ടില്ല. തുടർന്നു, യുവതി ഇയാളുടെ വീഡിയോ പകർത്തി. ഇതിനു ശേഷം ഈ വീഡിയോയുമായി നേരെ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തി.
ഇവിടെ എത്തിയ യുവതി പൊലീസ് ഉദ്യോഗസ്ഥരെ വീഡിയോ കാട്ടി. എന്നാൽ, തന്നെ ഇയാൾ ശല്യം ചെയ്തതാണോ, അസഭ്യം വിളിച്ചതാണോ എന്നറിയില്ലെന്നായിരുന്നു യുവതിയുടെ നിലപാട്. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ യുവതിയോട് പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചു. എന്നാൽ, തനിക്ക് വിദേശത്ത് പോകേണ്ടതാണെന്നും പരാതി നൽകാനാവില്ലെന്നും യുവതി അറിയിച്ചു. ഇതേ തുടർന്നു യുവതി ബസിൽ കയറി വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു.
എന്നാൽ, ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ യുവതിയെ ചില സാമൂഹ്യ വിരുദ്ധർ ശല്യം ചെയ്തെന്ന രീതിയിൽ പ്രചാരണം ആരംഭിക്കുകയായിരുന്നു. വസ്തുത എന്താണെന്ന് അന്വേഷിക്കാതെ ചില ഓൺലൈൻ മാധ്യമങ്ങളും വാർത്ത പ്രചരിപ്പിച്ചു. ഇതോടെയാണ് ജാഗ്രതാ ന്യൂസ് ലൈവ് സംഭവത്തിനു പിന്നിലെ യഥാർത്ഥ വസ്തുത കണ്ടെത്തിയത്.
തിരുനക്കര ബസ് സ്റ്റാൻഡിൽ നടന്നു പോയ യുവാവ് അസഭ്യം വിളിച്ചെന്നു പരാതി; യുവതി അസഭ്യം വിളിച്ചയാളുടെ വീഡിയോ പകർത്തി പൊലീസിനു കൈമാറി; യുവതിയെ ശല്യം ചെയ്തെന്നു വ്യാജ വാർത്ത പ്രചരിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങൾ
Advertisements