തിരുവല്ല : തിരുവല്ല കുരിശു കവലയിൽ ലഹരിയ്ക്കടിമകളായി അര മണിക്കൂറോളം നേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തടയാനെത്തിയ പോലീസുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. തിരുവല്ല തിരുമൂലപുരം അനന്തു ഭവനിൽ അനന്തു ( 27 ) കോഴഞ്ചേരി കീഴയാറ പുത്തൻ പാറ വീട്ടിൽ പി. എസ് ജിഷ്ണു ( 28 ) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
കുരിശു കവലയിലെ പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. പെട്രോൾ അടിക്കാനായി പമ്പിൽ ബൈക്കിൽ എത്തിയ പ്രതികൾ ബൈക്ക് പെട്രോൾ അടിക്കുകയായിരുന്ന കാറിന് കുറുകെ വെച്ചു. കാറിന് മുമ്പിൽ നിന്നും ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ട കാർ ഡ്രൈവറെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും ചെയ്യുകയും കാറിന്റെ ഇടതുവശത്തെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. പമ്പ് ജീവനക്കാരും വഴിയാത്രക്കാരും ചേർന്ന് ഇത് തടയാൻ ശ്രമിച്ചതോടെ പ്രതികൾ അവർക്ക് നേരേ തിരിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവമറിഞ്ഞ് തിരുവല്ല നഗരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പോലീസുകാർ എത്തിയെങ്കിലും പ്രതികൾ പോലീസുകാർക്ക് നേരെയും ആക്രമണത്തിന് മുതിർന്നു. തുടർന്ന് തിരുവല്ല സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസെത്തി പ്രതികളെ കീഴ്പെടുത്തുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.