തിരുവാർപ്പ് : തിരുവാർപ്പ് ഇല്ലിക്കൽ കവലയിലെ മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. ഫുഡ് സേഫ്റ്റി വിഭാഗവും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മത്സ്യം വാങ്ങി പാകം ചെയ്ത കഴിച്ച ചെങ്ങളം സ്വദേശിക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതാണ് അടിയന്തിര പരിശോധനക്ക് കാരണം.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഫുഡ് സേഫ്റ്റി ഓഫീസർ നീതി, പഞ്ചായത്ത് സെക്രട്ടറി മുഷിൻ, ഫിഷറീഷ് ഓഫീസർ പ്രേമോദാസ് , ഹെൽത്ത് ഇൻസ്പെക്ടർ കാളിദാസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ .പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. കട ഉടമയുടെ പേരിൽ ഫുഡ് സേഫ്റ്റി കമ്മീഷണർക്ക് റിപോർട്ട് സമർപ്പിച്ച് നിയമ നടപടികൾ സ്വീകരിച്ചു.