തിരുവല്ല : കേരള സര്‍ക്കാരിന്റെ ഡവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക സാമ്പത്തിക മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ഡിസംബര്‍ 20 ഇന്ന് ജോബ് ഫെയര്‍ സംഘടിപ്പിക്കും. തൊഴില്‍ മേളയുടെ ഉദ്ഘാടനം രാവിലെ 9.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു വരെയാണ് മേള.
ഓണ്‍ലൈന്‍- ഓഫ്ലൈന്‍ മുഖേന നൂറോളം കമ്പനികള്‍ പങ്കെടുക്കും. ഫുള്‍ ടൈം – പാര്‍ട്ട് ടൈം, ഫ്രീലാന്‍സ്, ജിഗ്, വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം എന്നീ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങള്‍. ഐടി-ഐടിഎസ്, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, എഡ്യൂക്കേഷന്‍, റീട്ടെയില്‍ കണ്‍സ്ട്രക്ഷന്‍ ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടിസിഎസ്, ഐബിഎസ്, യുഎസ്ടി ഗ്ലോബല്‍, ടാറ്റാ, ലെക്സി, നിസാന്‍, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി, ക്വസ് കോര്‍പ്പ്, ഐസിഐസിഐ, എസ്എഫ്ഒ, ടൂണ്‍സ് തുടങ്ങിയ കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും.
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി തൊഴിലുകള്‍ക്ക് പ്രാപ്തരാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ജില്ലാതലത്തില്‍ നടത്തുന്ന തൊഴില്‍മേള. ഇതിലൂടെ പുതുവര്‍ഷത്തില്‍ ചുരുങ്ങിയത് 10,000 പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. 20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, മാര്‍ത്തോമ്മ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വറുഗീസ് മാത്യു, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. രജിനോള്‍ഡ് വറുഗീസ്, ജില്ല സ്‌കില്‍ കമ്മറ്റി കണ്‍വീനര്‍ പി. സനല്‍ കുമാര്‍, ജില്ല ഇന്നോവേഷന്‍ കൗണ്‍സില്‍ അംഗം റെയിസന്‍ സാം രാജു എന്നിവര്‍ പങ്കെടുക്കും. ജോബ് ഫെയറിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രിന്‍സിപ്പല്‍ ഡോ. വറുഗീസ് മാത്യു അറിയിച്ചു. ഡോ. രഞ്ജിത്ത് ജോസഫ് ജോബ് ഫെയര്‍ കണ്‍വീനറായി പ്രവൃത്തിക്കുന്നു.
തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ജോബ് ഫെയര്‍ ഡിസംബർ 20 ഇന്ന്; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും, നൂറോളം കമ്പനികള്‍ പങ്കെടുക്കും
Advertisements