തിരുവല്ല : ബസ് യാത്രയ്ക്കിടെ പണമടങ്ങുന്ന പേഴ്സ് മോഷ്ടിച്ച ചെട്ടിപ്പാളയം സ്വദേശിനികളായ യുവതികളെ പണം നഷ്ടമായ സ്ത്രീ ഓട്ടോ റിക്ഷയിൽ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ചെട്ടിപ്പാളയം സിയോൺ നഗറിൽ കസ്തൂരി ( 24 ), സിയോൺ നഗറിൽ കറുമാരി ( 25 ) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസിൽ തലവടിയിലേക്ക് വരുകയായിരുന്ന ലതികയുടെ പേഴ്സാണ് മോഷ്ടിക്കപ്പെട്ടത്. തലവടിയിൽ ബസിറങ്ങിയ ശേഷമാണ് പേഴ്സ് നഷ്ടമായ കാര്യം ലതിക അറിഞ്ഞത്. ഉടൻ തന്നെ ഓട്ടോറിക്ഷയിൽ ലതിക ബസിനെ പിന്തുടർന്നു. പൊടിയാടി ജംഗ്ഷനിൽ ബസ് നിർത്തിയതോടെ തന്റെ പേഴ്സ് മോഷണം പോയതായി പറഞ്ഞ് ലതിക ബസിനുള്ളിൽ കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ കസ്തൂരിയും കറുമാരിയും ബസിനുളളിൽ നിന്നും ഇറങ്ങി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തടഞ്ഞുവെച്ചു. സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് എസ് ഐ കവിരാജും സംഘവും ചേർന്ന് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ കസ്തൂരിയുടെ ബാഗിൽ നിന്നും 1300 രൂപ അടങ്ങുന്ന പേഴ്സ് കണ്ടെത്തി. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കസ്തൂരി സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.