തിരുവല്ല : ഇരവിപേരൂർ കുമ്പനാട് തട്ടുകട നടത്തുന്ന സ്ത്രീയെയും മകനെയും മർദ്ദിച്ച കേസിലെ പ്രതികളായ രണ്ട് പേരെ പിടികൂടി. ഒന്നാം പ്രതി ഒളിവിൽ. കോയിപ്രം കുമ്പനാട് ചൊവ്വ രാത്രി 10.45 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജംഗ്ഷനിൽ തട്ടുകട നടത്തുന്ന കോയിപ്രം കുമ്പനാട് കരിപ്പുറത്തകണ്ടം കരിങ്കുറ്റിയിൽ ജോൺ ജോയിയുടെ ഭാര്യ ലിസി ജോയി (58)ക്കും മകനുമാണ് ക്രൂരമർദ്ദനം ഏറ്റത്. ഭക്ഷണം തീർന്നുപോയെന്നു പറഞ്ഞതിൽ പ്രകോപിതരായി അക്രമം നടത്തിയത്.
രണ്ടാം പ്രതി മുണ്ടമല പുല്ലേലിമല പുല്ലേലിൽ വീട്ടിൽ രാജുവിന്റെ മകൻ പ്രസ്റ്റീൻ രാജു (24), മൂന്നാം പ്രതി കോയിപ്രം കുറവൻ കുഴി ആന്താരിമൺ ഓലിക്കുതാഴെതിൽ ഷാജിയുടെ മകൻ ശാരോൺ ഷാജി (22) എന്നിവരെയാണ് കോയിപ്രം പോലീസ് ബുധൻ വൈകിട്ട് അറസ്റ്റ് ചെയ്തത്. ബൈക്കിൽ എത്തിയ പ്രതികൾ ഭക്ഷണം ചോദിച്ചപ്പോൾ തീർന്നുപോയെന്നു പറഞ്ഞതിൽ ഒന്നാം പ്രതി സുനിൽ അസഭ്യം വിളിച്ചുകൊണ്ട് ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ, കടയുടെ സമീപത്തു നിന്ന രാജൻ എന്നയാൾ ചോദ്യം ചെയ്തു.
ഇയാളെ പ്രതികൾ ചെള്ളക്കടിക്കുകയും തള്ളിതാഴെയിടുകയും ചെയ്തു. തടസ്സം പിടിക്കാനെത്തിയ ലിസിയുടെ മകൻ അനീഷ് കുമാറിനെ ഒന്നും മൂന്നും പ്രതികൾ അടിക്കുകയും തൊഴിക്കുകയും ചെയ്തപ്പോൾ, ലിസി ഇടയ്ക്ക് കയറി തടയാൻ ശ്രമിച്ചു. അപ്പോഴാണ് അവർക്ക് മർദ്ദനമേറ്റത്. ദേഹോപദ്രവം ഏൽപ്പിച്ച പ്രതികൾ ലിസിയുടെ സാരി പിടിച്ചുവലിച്ച് അപമാനിക്കുകയും, തള്ളിയിടുകയും ചെയ്തു. വലതുകയ്യുടെ ചെറുവിരലിനും കാൽ മുട്ടുകൾക്കും മുറിവുപറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികൾ കടയിൽ സഹായിക്കാൻ നിന്ന മരുമകളെ അസഭ്യം വിളിക്കുകയും ചെയ്തു. പ്രതികളിലൊരാൾ ബൈക്കിൽ സൂക്ഷിച്ച ഇരുമ്പിന്റെ സ്ക്വയർ പൈപ്പ് കൊണ്ട് ലിസിയുടെ മകനെ അടിച്ച് ഇടതു തോളിനു മുറിവേൽപ്പിച്ചു. സംഭവമറിഞ്ഞ പോലീസ് ലിസിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി കേസെടുത്തു. അന്വേഷണമാരംഭിച്ച പോലീസ്, സംഭവത്തിന് ശേഷം സ്ഥലം വിട്ട പ്രതികളിൽ രണ്ടാം പ്രതി വീട്ടിലെത്തിയെന്ന് അറിഞ്ഞ ഉടനേ പോലീസ് അവിടെയെത്തി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് കുറ്റസമ്മതമൊഴിപ്രകാരം മറ്റ് പ്രതികളെ തിരിച്ചറിയുകയും, പിന്നീട് നടത്തിയ തെരച്ചിലിൽ മൂന്നാം പ്രതിയെ വീട്ടിൽ നിന്നും പിടികൂടുകയുമായിരുന്നു. മൂന്നാം പ്രതി ശാരോൺ ഷാജി റാന്നി പോലീസ് സ്റ്റേഷനിലെ മൂന്ന് മോഷണ കേസുകളിൽ പ്രതിയാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
ഇവർ അടിപിടി, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരികയാണെന്നും അന്വേഷണത്തിൽ വെളിവായി. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശാനുസരണം ഒന്നാം പ്രതിക്കുവേണ്ടി തെരച്ചിൽ വ്യാപിപ്പിക്കുകയും, പ്രതികൾക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ അനൂപിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ് സി പി ഓമാരായ പ്രകാശ്, ജോബിൻ ജോൺ, സി പി ഓ ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.