മല്ലപ്പള്ളി : തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി വീതി വർധിപ്പിച്ച് ബിഎം ബിസി നിലവാരത്തിൽ ടാർ ചെയ്യാൻ 2016 ൽ ബജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും 2017 ഡിസംബറിൽ 81.75 കോടി രൂപയുടെ ഭരണാനുമതി യാണ് പദ്ധതിയ്ക്ക് ലഭിച്ചത് ഈപദ്ധതിയാണ് അഞ്ച് വർഷമായി കടലാസിൽ ഒതുങ്ങിയത്. വസ്തു ഏറ്റെടുക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് സാമൂഹിക പഠനം നടത്തിയെങ്കിലും വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നിലനില്ക്കുന്നതാണ് നിർമ്മാണ പ്രവർത്തികൾ വൈകുന്നത്. രണ്ട് വർഷം മുമ്പ് അതിരുകൾ തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചെങ്കിലും വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ നിയമവ്യവസ്ഥ പാലിച്ചു മാത്രമേ ഏറ്റെടുക്കൽ നടപടികൾ തുടരാവൂ എന്ന കോടതിയുടെ നിർദ്ദേശവും നവീകരണം തുടക്കമിടുന്നതിന് കാരണമായി. തിരുവല്ല ദീപ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റോഡ് ചേലക്കൊമ്പു വരെ 20.5 കിലോമീറ്റർ ദൂര പരിധിയാണുള്ളത്. തിരുവല്ല – മല്ലപ്പള്ളി വരെ 12 മീറ്റർ വീതിയും, മല്ലപ്പള്ളിയിൽ നിന്നും ചേലക്കൊമ്പു വരെ 10 മീറ്ററുംസ്ഥലം ഏറ്റെടുത്ത് പദ്ധതി പൂർത്തിയാക്കാൻ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ തിരുവല്ല മുതൽ ചേലക്കൊമ്പുവരെ 2.3835 ഹെക്ടർ വസ്തുവുമാണ് റോഡ് നവീകരണത്തിനായി ഏറ്റെടുക്കേണ്ടത്. മല്ലപ്പള്ളി – തിരുവല്ല റോഡിലെയാത്രാദുരിതം കുറയ്ക്കുന്നതിനായി അടിയന്തര ഇടപെടീൽ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.