തിരുവല്ല : സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെ ശക്തമായ നിലപാടുകൾ എടുക്കുകയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദം ഉയർത്തുകയും ചെയ്ത വിശ്വപൗരനായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നെഹ്റുവിന്റെ മതേതര മൂല്യങ്ങൾക്ക് എന്നത്തേക്കാളും ഇന്ന് പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്. ജവഹർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ നെഹ്റു ചരമദിനത്തിൽ പെരിങ്ങരയിൽ നടത്തിയ നെഹ്റു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് കേരള ഘടകം ചെയർമാൻ ഡോ. രമേശ് ഇളമൺ നമ്പൂതിരി നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയർ പേഴ്സൺ ബിന്ദു ജയകുമാർ , ഈപ്പൻ കുര്യൻ, അഭിലാഷ് വെട്ടിക്കാടൻ, വിശാഖ് വെൺപാല, ജിജോ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.