തിരുവല്ലയിൽ പോലീസുകാരൻ ചമഞ്ഞ് തട്ടിപ്പ്: വഴിയാത്രക്കാരുടെ പണവും സ്വർണാഭരണവും തട്ടിയ യുവാവ് പോലീസ് പിടിയിൽ

തിരുവല്ല: പുളിക്കീഴ് പോലീസുകാരൻ ചമഞ്ഞ് വഴിയാത്രക്കാരുടെ പണവും സ്വർണാഭരണവും തട്ടിയിരുന്ന യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി.
ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻ വീട്ടിൽ അനീഷ് (36) ആണ് ഇന്ന് രാവിലെ പിടിയിലായത്. തട്ടിപ്പ് സംബന്ധിച്ച് ഞായറാഴ്ച ലഭിച്ച പരാതിയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് സംഘം മഫ്തിയിൽ പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു.

Advertisements

തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം മഫ്തിയിലുണ്ടായിരുന്ന അഖിലേഷ് , പ്യാരിലാൽ എന്നീ പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു നിൽക്കുന്നതിനിടെ ബൈക്കിൽ അതു വഴി കടന്നുപോയ ഇയാളെ തട്ടിപ്പിന് ഇരയായ ആൾ തിരിച്ചറിഞ്ഞു. ഉടൻ പോലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സാധാരണക്കാരായ കാൽ നടയാത്രക്കാരെയും ഇരു ചക്രവാഹന യാത്രക്കാരെയും പോലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് ബൈക്കിൽ കറങ്ങുന്ന ഇയാൾ മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞു നിർത്തി പെറ്റി എന്ന പേരിൽ പണം വാങ്ങും.
ലൈസൻസും ഹെൽമെറ്റുമില്ലാതെ യാത്ര ചെയ്യുന്ന ഇരു ചക്ര വാഹന യാത്രക്കാരെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തിയും പെറ്റിയുടെ പേരിൽ പണം തട്ടിയിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ഇയാൾ പുളിക്കീഴ് പോലീസ് സ്റ്റേഷനു സമീപം വെച്ച് സ്കൂട്ടറിൽ വരികയായിരുന്ന പരുമല സ്വദേശി വിജയന്റെ വാഹനം അനീഷ് ബൈക്ക് കുറുകെ വെച്ച് തടഞ്ഞ ശേഷം സ്കൂട്ടറിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു.
രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. ഇതോടെ വിജയന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയ്യിട്ട് പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കൈക്കലാക്കി.

ലോൺ അടയ്ക്കാനുള്ള പണമാണിതെന്ന് വിജയൻ പറഞ്ഞെങ്കിലും അനീഷ് ചെവിക്കൊണ്ടില്ല. കാതിൽ കിടന്നിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന കടുക്കനും ഇയാൾ ഊരിയെടുത്തു. സ്റ്റേഷനിലേക്കെന്ന വ്യാജേനെ ബൈക്കിൽ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കി വിട്ട ശേഷം കടക്കുകയായിരുന്നു.
തുടർന്ന് വിജയൻ നൽകിയ പരാതിയിൽ പുളിക്കീഴ് എസ്എച്ച്ഒ ഇ ഡി ബിജുവിന്റെ നിർദ്ദേശാനുസരണം എസ് ഐ കവിരാജിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു.
സമാനമായ തട്ടിപ്പുകൾ സംബന്ധിച്ച് അനീഷിനെതിരെ മൂന്ന് രണ്ട് പരാതികൾ കൂടി ലഭിച്ചതായി എസ് ഐ കവിരാജ് പറഞ്ഞു.

Hot Topics

Related Articles