തിരുവല്ല : തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ചു മരിച്ചവരെ തിരിച്ചറിഞ്ഞു. വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന റോഡില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. അപ്പോഴാണ് തീർത്തും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.