തിരുവല്ല :
പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ് അറസ്റ്റിൽ ആയത്. മൂന്നാഴ്ച മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പാചകവാതക സിലിണ്ടറിൽ ചോർച്ച ഉണ്ടായതിനെ തുടർന്ന് അയൽവാസിയായ യുവതി പ്ലംബിംഗ് ജോലിക്കാരൻ കൂടിയായ ഫിലിപ്പ് തോമസിന്റെ സഹായം തേടി.
സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കുന്നതിനായി യുവതിയുടെ വീട്ടിലെ അടുക്കളയിൽ എത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതിനെ തുടർന്ന് വീട്ടിലെ ഹാളിൽ ഉണ്ടായിരുന്ന ഭർത്താവ് ഓടിയെത്തി. ഇത് കണ്ട് രക്ഷപെടാൻ ശ്രമിച്ച ഫിലിപ്പും യുവതിയുടെ ഭർത്താവും തമ്മിൽ മൽപ്പിടുത്തം ഉണ്ടായി. ഇതിനിടെ കുതറി മാറിയ പ്രതി യുവതിയുടെ വീട്ടിൽ നിന്നും രക്ഷപ്പെട്ട് ഓടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നിർദ്ദേശ പ്രകാരം സി ഐ ബി കെ സുനിൽ കൃഷ്ണൻ അടങ്ങുന്ന പ്രത്യേക സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.