തിരുവാർപ്പ്: ഗ്രാമപഞ്ചായത്തിലെ 29 അങ്കണവാടികളിലും പാചക ഇന്ധനമായി വിറകിനും ഗ്യാസിനും പകരം ഇൻഡക്ഷൻ കുക്കർ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായാണ് അംഗൻവാടികളിൽ അംഗൻ ജ്യോതി പദ്ധതി നടപ്പിലാക്കുന്നത് . കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ എന്ന പദ്ധതി .കോട്ടയം ജില്ലയിൽ തിരുവാർപ്പ് ഉൾപ്പെടെ 5 പഞ്ചായത്തുകളിലാണ് ഈ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത് .
അങ്കണവാടികളിൽ ഇനി മുതൽ തീയില്ലാതെ പാചകം ചെയ്യുന്നതിന് ഇൻഡക്ഷൻ കുക്കറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു . കാർബൺ സന്തുലനാവസ്ഥ നിലനിർത്തുന്നതിന് ഫോസിൽ ഇന്ധനങ്ങളായ വിറകും ഗ്യാസും ഉപയോഗിച്ചുള്ള പാചകം പരമാവധി കുറയ്ക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . എനർജി മാനേജ്മെൻറ് സെൻ്ററിൻ്റെ സഹകരണത്തോടെയാണ് ഊർജം ലാഭിക്കാനുതകുന്ന പാചക ഉപകരണങ്ങളുടെ വിതരണം നടത്തുന്നത്. പഞ്ചായത്തിലെ എല്ലാ അംഗൻവാടികളിലും ആദ്യഘട്ടമായി ഇൻഡക്ഷൻ കുക്കർ വിതരണം നടത്തി. തുടർന് രണ്ടാം ഘട്ടമായി പ്രഷർകുക്കർ അടക്കമുള്ള പാത്രങ്ങളും വിതരണം ചെയ്തു. പാചക ഉപകരണങ്ങൾ എനർജി മാനേജ്മെൻറ് സെൻറർ ആണ് ലഭ്യമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ എന്ന പദ്ധതിയിൽ തിരുവാർപ്പ് പഞ്ചായത്തിലെ അംഗൻവാടികളിൽ സോളാർ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട് .
പാചക ഉപകരണങ്ങളുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് അജയൻ കെ മേനോൻ നിർവ്വഹിച്ചു ..