തുഷാര്‍ ഗാന്ധിക്കെതിരായ ആര്‍എസ്എസ് കൈയേറ്റം:ഗോഡ്‌സെയുടെ പ്രേതം ഗാന്ധി കുടുംബത്തിന്റെ രക്തത്തിന് ദാഹിക്കുന്നു- ജോണ്‍സണ്‍ കണ്ടച്ചിറ

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നിട്ടും കലി തീരാതെ ഗാന്ധി കുടുംബത്തിന്റെ രക്തത്തിനായി ദാഹിക്കുന്നവരായി സംഘപരിവാരം ഇന്നും നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് ഗാന്ധിജിയുടെ പേരമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരായ കൈയേറ്റമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്‌സെയും വാഴ്ത്തുകയും ചെയ്യുന്നവരാണ് ആര്‍എസ്എസ്സുകാര്‍. മതേതരമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച കാന്‍സറാണ് സംഘപരിവാര്‍ എന്ന തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശം വര്‍ത്തമാനകാല ഇന്ത്യയുടെ നേര്‍ ചിത്രമാണ് വ്യക്തമാക്കുന്നത്. അതില്‍ അസഹിഷ്ണുതയുണ്ടായിട്ട് കാര്യമില്ല. ആര്‍എസ്എസ് കൈയേറ്റത്തേക്കാള്‍ ഭീകരമാണ് വിഷയത്തില്‍ ഇടതു സര്‍ക്കാരും പോലീസും തുടരുന്ന നിസ്സംഗത. അക്രമികള്‍ അവിടെ നിന്നു പോയ ശേഷം മാത്രമാണ് പോലീസ് സ്ഥലത്തെത്തിയതെന്നത് അവര്‍ തമ്മിലുള്ള ഒത്തുകളി വ്യക്തമാക്കുന്നു. തുഷാര്‍ ഗാന്ധിക്കെതിരായ ആര്‍എസ്എസ് കൈയേറ്റത്തില്‍ സാംസ്‌കാരിക നായകരും ബുദ്ധിജീവികളും പുലര്‍ത്തുന്ന മൗനം ഏറെ അപകടകരമാണ്.കേരളത്തിന് പുറത്തായിരുന്നെങ്കില്‍ കനപ്പെട്ട പ്രസ്താവനകള്‍ ഇറക്കുന്നവര്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ അവര്‍ തുടരുന്ന മൗനം അപഹാസ്യമാണ്. രാഷ്ട്ര ഗാത്രവുമായി ഏറെ ബന്ധപ്പെട്ട ഗാന്ധിജിയുടെ പേരമകന്‍ നാട്ടിലെത്തുമ്പോള്‍ അത് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ബിജെപി രാജ്യം ഭരിക്കുമ്പോള്‍. മഹാത്മാ ഗാന്ധിയെ കൊന്നവരുടെ പിന്‍ഗാമികള്‍ ഗാന്ധി കുടുംബത്തെ പോലും വേട്ടയാടുമ്പോള്‍ മതനിരപേക്ഷത വായ്ത്താരി പാടുന്ന സിപിഎം ബിജെപി ഫാഷിസ്റ്റാണോ എന്ന ഗവേഷണം നടത്തുന്നു എന്ന ചരിത്രപരമായ വിഡ്ഢിത്തമാണ് ആവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സിപിഎമ്മും പിണറായി വിജയനും നിയന്ത്രിക്കുന്ന ആഭ്യന്തരത്തിനു കീഴില്‍ ആര്‍എസ്എസ്സിന് ഏത് അക്രമവും കാണിക്കാനുള്ള ധൈര്യം ലഭിക്കുന്നതെന്നും ജോണ്‍സണ്‍ കണ്ടച്ചിറ കൂട്ടിച്ചേര്‍ത്തു.

Advertisements

Hot Topics

Related Articles