തൊടുപുഴ ബിജു കൊലപാതകം; മരണ കാരണം തലച്ചോറിനേറ്റ ക്ഷതവും, ആന്തരിക രക്തസ്രാവും

ഇടുക്കി: തൊടുപുഴയിൽ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മർദ്ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. തലച്ചോറിനേറ്റ ക്ഷതവും തുടർന്നുള്ള ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിജുവിൻ്റെ വലത് കൈയിൽ മുറിവുണ്ട്. ഇതെപ്പോൾ സംഭവിച്ചതെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണസംഘം അറിയിച്ചു. 

Advertisements

അതേസമയം, ബിജുവിനെ ആക്രമിച്ച സ്ഥലത്ത് നിന്ന് പെപ്പർ സ്പ്രേയും ചെരിപ്പും കണ്ടെത്തി. ബിജുവിൻ്റെ മൃതദേഹം കുഴിച്ചിടാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജോമോൻ്റെ ഉടമസ്ഥതയിലുള്ള കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോസ്റ്റ്മോർട്ടത്തിന് ശേഷം ബിജുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തൊടുപുഴ ചുങ്കം സെന്റ് മേരീസ്‌ ക്നാനായ പള്ളിയിൽ സംസ്കാരം നടത്തും. 

മൂന്ന് ദിവസം നീണ്ടുനിന്ന ആസൂത്രണത്തിന് ഒടുവിലാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 19ന് പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമെങ്കിലും, പാളിയതോടെ 20ന് പുലർച്ചെ നടപ്പാക്കി. ദിവസങ്ങളോളം കോലാനിയിലെ വീടിനും പരിസരത്തും ഉൾപ്പെടെ പ്രതികൾ ബിജുവിനെ നിരീക്ഷിച്ചിരുന്നു. നാല് മണിക്ക് അലാറം വച്ച് ഉണർന്നാണ് രാവിലെ ബിജുവിനെ പിന്തുടർന്ന് തട്ടിക്കൊണ്ടുപോയത്. നേരത്തെ തന്നെ ബിജുവിനും കുടുംബത്തിനും ഭീഷണി ഉണ്ടായിരുന്നെന്ന് സഹോദരൻ എം ജെ ജോസ് പറഞ്ഞു.

ബിജുവിന്റെ വീട്ടുപരിസരം, ആക്രമിച്ചു തട്ടിക്കൊണ്ടുപോയ സ്ഥലം, കലയന്താനിയിലെ കാറ്ററിങ് ഗോഡൗൺ എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതി ജോമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കായി അടുത്ത ദിവസം പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കൂട്ടു കച്ചവടം പൊളിഞ്ഞപ്പോൾ ഉണ്ടായ ധാരണ ലംഘിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ഒന്നാം പ്രതി ജോമോന്റെ മൊഴി. ജോമോനും ബിജുവും തമ്മിലുണ്ടാക്കിയ കരാറിൻ്റെ പകർപ്പ് കിട്ടി. കാപ്പ പ്രകാരം റിമാൻഡിൽ ഉള്ള മറ്റൊരു പ്രതി ആഷിക്കിനെ അടുത്ത ദിവസം കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസ് ചോദ്യം ചെയ്യും. 

Hot Topics

Related Articles