തിരുവല്ല : നാടൻ ഉത്പന്നങ്ങളുടെ കണിയൊരുക്കി കുടുംബശ്രീ ജില്ലാതല വിപണന മേള ആരംഭിച്ചു. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രാദേശിക വിപണി നേടിയെടുക്കുന്നതിനും പ്രാദേശിക തലത്തിൽ ലഭിക്കുന്ന അവസരങ്ങൾ കുടുംബശ്രീ സംരംഭകർക്ക് പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നഗരസഭാ ഓപ്പൺ സ്റ്റേജിനു സമീപം ജില്ലാ തലത്തിൽ വിഷു വിപണന മേള ആരംഭിച്ചത്. ഏപ്രിൽ 14 വരെയാണ് മേള നടക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജി വട്ടശ്ശേരി ആദ്യ വില്പന സ്വീകരിച്ചു. വാർഡ് മെമ്പർ മാത്യൂസ് ചാലക്കുഴി, കുടുംബശ്രീ ഈസ്റ്റ് സിഡിഎസ്സ് ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, വെസ്റ്റ് സിഡിഎസ്സ് ചെയർപേഴ്സൺ ഇന്ദിരാ ഭായ്, പ്രോഗ്രാം മാനേജർമാരായിട്ടുള്ള അനു ഗോപി, അനിത കെ നായർ, എൻയുഎൽഎം മാനേജർ അജിത് എസ് എന്നിവർ പ്രസംഗിച്ചു . കുടുംബശ്രീ ജീവനക്കാരായ രഞ്ജിത, അനുശ്രീ, മഞ്ജു, സച്ചു സെറിൻ സൂസൻ, അനു വി ജോൺ, മോൻസി,നിഷ, എംഇസി മാരായ ധന്യ, ശ്രീകല എന്നിവർ പങ്കെടുത്തു. നാടൻ പച്ചക്കറികൾ, ചിരട്ട ഉപകരണങ്ങൾ, വിവിധ ഇനം പലഹാരങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ എന്നിവ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.