തൃശൂര്‍: കേരളത്തിന്റെ സാംസ്കാരിക നഗരിയില്‍ പൂരങ്ങളുടെ പൂരം കൊട്ടിക്കയറുമ്പോള്‍ സുരക്ഷ ഒരുക്കുന്നത് 3500ഓളം പൊലീസുകാര്‍. 30 ഡിവൈ എസ് പി മാരും 60 ഓളം സി ഐ മാരും 300 സബ് ഇൻസ്പെക്ടർ മാരും 3000 ത്തോളം സിവില്‍ പൊലീസ് ഓഫീസർമാരും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 200 ഓളം വനിതാ പൊലീസ് ഉദ്യോഗസ്ഥരുമാണ് ഈ വർഷത്തെ പൂരം സുരക്ഷയ്ക്കായി അണിനിരന്നിട്ടുള്ളത്. എക്സിബിഷൻ, ട്രാഫിക് റെഗുലേഷൻ, പാറമേക്കാവ് പൂരം, തിരുവമ്ബാടി പൂരം, ചെറു പൂരങ്ങള്‍, കുടമാറ്റം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം എന്നീ പ്രധാന ചടങ്ങുകളിലാണ് കൂടുതല്‍ സുരക്ഷാവിന്യാസം ഉണ്ടാകുക.
കൂടാതെ, സ്ട്രൈക്കർ, പിക്കറ്റ്, പട്രോളിങ്ങ്, എന്നിവയ്ക്കു പുറമെ കണ്ട്രോള് റൂം, മിനി കണ്ട്രോള് റൂം എന്നിവിടങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ട്. ഷാഡോ പൊലീസ്, തണ്ടർബോള്‍ട്ട്, എൻഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നീ സുരക്ഷാ സന്നാഹങ്ങളും പൂരനഗരിയില്‍ സുരക്ഷയേകുന്നുണ്ട്. പൂരനഗരിക്ക് മൂന്നു കിലോമീറ്ററിനുള്ളില്‍ ഡ്രോണ്‍ പറത്തുന്നത് കണ്ടെത്തി നിർവ്വീര്യമാക്കുന്നതിനുള്ള ആൻറി ഡ്രോണ്‍ സിസ്റ്റവും മൊബൈല്‍ ബാഗേജ് സ്കാനർ വിഭാഗവും നഗരത്തിലും പരിസരങ്ങളിലുമായി നിലയുറപ്പിച്ചിട്ടുണ്ട്. പൂരനഗരിയില്‍ പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് ഫോണ്‍ നമ്ബരുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.