നാടിന്റെ ഫ്യൂസ് ഊരാതിരിക്കാന്‍ പണയം വച്ചത് മഞ്ഞും മഴയും നനഞ്ഞ് ടാപ്പിങ്ങ് ചെയ്ത് വാങ്ങിയ പൊന്‍മോതിരം; ചില പെണ്ണുങ്ങള്‍ക്ക് പൊന്നിനേക്കാള്‍ തിളക്കമുണ്ടെന്നേ… ഇത് എരുമേലിയിലെ പ്രകാശം പരത്തുന്ന തുളസി മെമ്പര്‍

”ഹലോ.. തുളസി മെമ്പറല്ലേ..?”

Advertisements

”അതേ..”
”കറന്റ് ബില്ലടയ്ക്കാന്‍ മോതിരം പണയം വച്ചിരുന്നല്ലോ… എന്തായിരുന്നു ചേച്ചീ സംഭവം?”
”അതെങ്ങനെ അറിഞ്ഞു..? മോതിരം പണയം വച്ചത് നാടിന്റെ വെട്ടം കെടാതിരിക്കാനാ. ഞാനല്ലേ അത് ചെയ്യേണ്ടത്..? എന്റെ ഉത്തരവാദിത്വമാ..!”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശക്കുന്നവന് കൊടുക്കുന്ന പൊതിച്ചോറ് പോലും സെല്‍ഫിയെടുത്ത് കൊട്ടിഘോഷിക്കുന്ന നാട്ടില്‍, ആരും അറിയാതെ ഒരു നാടിന്റെ മുഴുവന്‍ വെട്ടം അണയാതെ സൂക്ഷിച്ച തുളസി മെമ്പറെ നാലാള് അറിയണം. പൊതുജനത്തിന്റെ പണമെടുത്ത് ചെയ്യുന്ന നിര്‍മ്മിതികളില്‍ പോലും സ്വന്തം പേര് ഫലകത്തില്‍ കൊത്തിവയ്ക്കാന്‍ മടിയില്ലാത്ത നേതാക്കളുടെ ഇടയില്‍, മങ്ങിപ്പോകാന്‍ അനുവദിക്കരുത് ഇത്തരം പൊന്നിന്‍ തിളക്കമുള്ള കാഴ്ചകള്‍. താന്‍ വൈറലായ വിവരമൊന്നും തുളസി ചേച്ചി അറിഞ്ഞിട്ടില്ല. കല്യാണ വീട്ടിലെ തിരക്കുകളിലാണ് എരുമേലി പഞ്ചായത്ത് ചേനപ്പാടി കിഴക്കേക്കര വാര്‍ഡ് മെമ്പര്‍ പി കെ തുളസി.

കഴിഞ്ഞ ദിവസമാണ് ചേനപ്പാടി കാക്കക്കല്ല് – പുറപ്പ റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ 1,63,000 രൂപ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ചിലവിട്ട് 47 പോസ്റ്റുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പിറ്റേന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വാതില്‍പ്പടി സേവനം പരിശീലന ക്ലാസില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ കെഎസ്ഇബി അസി. എഞ്ചിനീയറുടെ വിളി മെമ്പറുടെ ഫോണിലെത്തി. ഉടനെ സര്‍വീസ് ചാര്‍ജ് 2054 രൂപ അടക്കണം, ഇല്ലെങ്കില്‍ ഫ്യൂസ് ഊരുമെന്നായിരുന്നു മുന്നറിയിപ്പ്. ഇക്കാര്യം എരുമേലി പഞ്ചായത്ത് ഓഫിസില്‍ അറിയിച്ചപ്പോള്‍ പുതിയ സോഫ്റ്റ്വെയര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നത് മൂലം അടിയന്തിരമായി തുക നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചു. മാത്രവുമല്ല പഞ്ചായത്ത് പണം അനുവദിക്കണമെങ്കില്‍ കമ്മറ്റിയുടെ അനുമതിയും വേണം.

വരാനിരിക്കുന്നത് പൊതു അവധി ദിനങ്ങളാണ്. ഫ്യൂസ് ഊരിയാല്‍ നാട് ഇരുട്ടിലാകും. പിന്നെ കൂടുതല്‍ ആലോചിച്ചില്ല. സ്വര്‍ണ പണയ സ്ഥാപനത്തില്‍ എത്തി സ്വന്തം മോതിരം ഊരി നല്‍കി 2500 രൂപയ്ക്ക്
പണയം വെച്ചു. ആ തുകയുമായി കെഎസ്ഇബി ഓഫീസില്‍ എത്തി 2054 രൂപ സര്‍വീസ് ചാര്‍ജ് അടച്ചു, 200 രൂപ ഓട്ടോക്കൂലിയും. ശേഷം ഉച്ചയോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എത്തി പരിശീലന ക്ലാസില്‍ തുടര്‍ന്നുള്ള ക്ലാസില്‍ പങ്കെടുത്തു. നിന്ന നില്‍പ്പില്‍ എങ്ങോട്ടാ ഓടിയതെന്ന് സഹപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രഹസ്യമായി സൂക്ഷിച്ച ബില്‍ അടയ്ക്കല്‍ ഓട്ടം ഒപ്പമുണ്ടായിരുന്നവര്‍ അറിഞ്ഞു.

2054 രൂപ ബില്ലടച്ചതാണോ ഇത്ര വലിയ കാര്യം എന്ന് ആലോചിക്കാന്‍ വരട്ടെ… പണയംവച്ച ആ കുഞ്ഞന്‍ മോതിരം പറയും തുളസി എന്ന പെണ്ണിന്റെ അതിജീവനക്കരുത്തിന്റെ കഥ. കയ്യില്‍ കരുതുന്ന ഇത്തിരി വെട്ടവുമായി പുലര്‍ച്ചെ റബ്ബര്‍തോട്ടത്തിലേക്ക് ഇറങ്ങും തുളസി. വീട്ടമ്മയായ അവരുടെ ആകെയുള്ള വരുമാനം ടാപ്പിങ് ജോലിയാണ്. മഞ്ഞും മഴയും കൊണ്ട് പുലര്‍ച്ചെ ആരംഭിക്കുന്ന അധ്വാനത്തില്‍ നിന്നും മിച്ചംപിടിച്ച് വാങ്ങിയതാണ് സ്വര്‍ണത്തിന്റെ ആ കുഞ്ഞുമോതിരം. ഉന്നത വിദ്യാഭ്യാസമോ സാമ്പത്തിക സുരക്ഷിതത്വമോ ഇല്ലാത്ത തുളസിക്ക്, ജീവിതാനുഭവങ്ങള്‍ മാത്രം മതി ഒപ്പമുള്ള മനുഷ്യരെ ഇരുട്ടിലാക്കാതിരിക്കാന്‍..! കൊറോണ കാലത്ത് സുമനസുകള്‍ സംഭാവന നല്‍കിയ ഭക്ഷണ സാധനങ്ങള്‍ ചാക്കില്‍ കെട്ടി തലയില്‍ ചുമന്ന് തന്റെ വാര്‍ഡിലെ വീടുകളില്‍ എത്തിക്കാന്‍ നടന്നുപോകുന്ന ഒരു വനിതാ മെമ്പറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു, അതും ഈ തുളസി തന്നെ. പൊന്നിനേക്കാള്‍ തിളക്കമുള്ള പെണ്ണുങ്ങള്‍ ഉള്ളപ്പോള്‍ ഈ നാടിന്റെ വെട്ടം എങ്ങിനെ കെടും..? പ്രകാശം പരക്കട്ടെ..!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.