പത്തനംതിട്ട :സീതത്തോട് കോട്ടമൺ പാറയിൽ കെ.എസ്.ഇ.ബിയുടെ ടവർ പണിക്കായി കാട്ടിൽ പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു. ആങ്ങമൂഴി സ്വദേശി അനുകുമാറാണ് ആക്രമിക്കപ്പെട്ടത്. അനുകുമാറിനൊപ്പം 17 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
വനത്തിനകത്ത് നാല് കിലോമീറ്റർ അകത്തായിരുന്നു പണി. ടവറിന് താഴെയുള്ള അടിക്കാട് വെട്ടുകയായിരുന്നു അനുകുമാർ. ഈ സമയത്താണ് പന്നിയെ ആക്രമിക്കാനെത്തിയ കടുവ, പന്നിയെ ആക്രമിക്കുന്നതിനിടെ അനുകുമാറിന് നേരെ ചാടിവീഴുകയും കാലിലും വയറ്റിലുമടക്കം കടിക്കുകയും ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിഗിരി – പള്ളം വൈദ്യുതി ലൈനിന്റെ നിർമ്മാണത്തിനായാണ് തൊഴിലാളികൾ കാട്ടിൽ പോയത്. ഒപ്പമുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ബഹളം വെച്ചും വടികൾ ഉപയോഗിച്ചും കടുവയെ തുരത്തി. ഇതിന് ശേഷം അനുകുമാറിനെ കാടിന് പുറത്തേക്ക് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് മാറ്റി.
ഇപ്പോൾ സീതത്തോടുള്ള പ്രൈമറി ഹെൽത്ത് സെന്ററിലാണ് അനുകുമാർ ഉള്ളത്. കാലിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ടെന്നാണ് ഒപ്പമുള്ളവർ പറയുന്നത്.