കോട്ടയം: താഴത്തങ്ങാടി മത്സരവള്ളംകളിയുടെ അലയൊലികൾ അവസാനിക്കുന്നില്ല. വിവാദമായി മാറിയ മത്സര വള്ളം കളിയ്ക്ക് പിന്നാലെ കൂടുതൽ പരാതികളും പരിഭവങ്ങളും പുറത്തു വന്നിട്ടുണ്ട്. വള്ളംകളിയ്ക്കിടെ ചുണ്ടൻവള്ളം കുറുകെയിട്ട് പ്രതിഷേധിച്ച അച്ചായൻസ് ജുവലറി എം.ഡി ടോണി വർക്കിച്ചനും കുമരകം ടൗൺ ബോട്ട് ക്ലബിനും എതിരെ വള്ളംകളി സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ പരാതി നൽകിയിരുന്നു. എന്നാൽ, സംഘാടക പിഴവ് ചൂണ്ടിക്കാട്ടി തങ്ങൾക്കുണ്ടായ ഭീമമായ നഷ്ടം പരിഹരിച്ച് നൽകണമെന്നാവശ്യപ്പെട്ട് വള്ളംകളി സംഘാടകർക്ക് എതിരെ കുമരകം ടൗൺ ബോട്ട് ക്ലബും ക്യാപ്റ്റനായ ടോണി വർക്കിച്ചനും ജില്ലാ കളക്ടർക്കും പരാതി നൽകി.
ഇത് കൂടാതെ വള്ളംകളിയിലെ പിഴവുകൾക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ നടന്ന വള്ളംകളിയ്ക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ വള്ളംകളി നടക്കുന്നതിനിടെ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാംഗം ചുണ്ടൻ മീനച്ചിലാറ്റിൽ ഫിനിഷിംങ് പോയിന്റിന് കുറുകെയിട്ട് പ്രതിഷേധിക്കുകയായിരുന്നു. സംസ്ഥാന സർക്കാർ നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന മത്സരം കൂടിയായിരുന്നു താഴത്തങ്ങാടിയിൽ നടന്നിരുന്നത്. എന്നാൽ, ഇവിടെ നടന്ന ആദ്യ മത്സരം തന്നെ സിബിഎൽ സംഘാടകരുടെ പിഴവിനെ തുടർന്ന് പാളിപ്പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനത്ത മഴയിലാണ് താഴത്തങ്ങാടി ആറ്റിൽ ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്സ് സിബിഎൽ സംഘാടക സമിതി സംഘടിപ്പിച്ചത്. ഈ ഹീറ്റ്സ് ആരംഭിച്ചപ്പോൾ തന്നെ മത്സരത്തിനെത്തിയ നടുഭാഗം ചുണ്ടന്റെ തുഴച്ചിൽക്കാർ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ, സിബിഎൽ സംഘാടന സമിതി ഇവരുടെ പരാതി കേൾക്കാൻ തയ്യാറായില്ല. തുടർന്ന് നടുഭാഗം ചുണ്ടൻ ഭാരവാഹികൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഇവർ വള്ളം മീനച്ചിലാറ്റിൽ ഫിനിഷിങ് പോയിന്റിന് കുറുകെയിട്ട് പ്രതിഷേധിച്ചത്. ഇതേ തുടർന്ന് വള്ളംകളി പവലിയനിൽ സംഘർഷം ഉണ്ടാകുകയും ചെയ്തു. എന്നാൽ, ഇന്നലെ വള്ളംകളി ഭാരവാഹികൾ കുമരകം ടൗൺ ബോട്ട് ക്ലബിനും ക്ലബിനെ നയിച്ച അച്ചായൻസ് ജുവലറി എംഡി ടോണി വർക്കിച്ചനും എതിരെ രംഗത്ത് എത്തുകയായിരുന്നു. വള്ളംകളിയിൽ തങ്ങൾക്ക് സംഭവിച്ചത് സംഘാടന പിഴവാണ് എന്നാണ് ഇപ്പോൾ കുമരകം ടൗൺ ബോട്ട് ക്ലബിനെ നയിച്ച ടോണി വർക്കിച്ചനും കുമരകം ടൗൺ ബോട്ട് ക്ലബ് ഭാരവാഹികളും ആരോപിക്കുന്നത്. കനത്ത മഴയിൽ തുഴയാനാവില്ലെന്ന് അറിയിച്ചിട്ടും നിർബന്ധിച്ച് വള്ളം തുഴയിച്ചു. വീണ്ടും മത്സരം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും സിബിഎൽ സംഘാടന സമിതി ഇതിന് തയ്യാറായില്ല. ഈ വിഷയങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് തങ്ങൾ പരാതി നൽകുമെന്നാണ് കുമരകം ടൗൺ ബോട്ട് ക്ലബ് പറയുന്നത്. ജില്ലാ കളക്ടർക്ക് പരാതി നൽകിയ ശേഷം ഹൈക്കോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്തുമെന്നും ഇവർ പറയുന്നു. എന്നാൽ, താഴത്തങ്ങാടി മത്സരവള്ളംകളിയ്ക്ക് നേതൃത്വം നൽകിയ വെസ്റ്റ് ക്ലബ് പക്ഷേ ഈ വിഷയത്തിൽ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കുമരകം ടൗൺ ബോട്ട് ക്ലബിനെ കുറ്റപ്പെടുത്തുന്ന ഇവർ വിഷയത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. ചുണ്ടൻ വള്ളങ്ങളുടെ മത്സരം നടത്തിയിരുന്നത് തങ്ങളാല്ല സിബിഎൽ സംഘാടക സമിതിയാണ് എന്നാണ് ഇവർ അവകാശപ്പെടുന്നത്. മറ്റ് ചെറുവള്ളങ്ങളുടെ മത്സരമാണ് താഴത്തങ്ങാടി ബോട്ട്റേസ് കമ്മിറ്റിയും വെസ്റ്റ് ക്ലബും ചേർന്ന് നടത്തിയിരുന്നത്. ചെറുവള്ളത്തിന്റെ മത്സരം നടന്നപ്പോഴാണ് അച്ചായൻസ് ജുവലറി എം.ഡി ടോണി വർക്കിച്ചനും സംഘവും വള്ളംകളി തടസപ്പെടുത്തിയത്. അതുകൊണ്ടു തന്നെ വിഷയത്തിൽ കേസെടുക്കണമെന്നും തങ്ങൾക്കുണ്ടായ നഷ്ടം പരിഹരിച്ചു നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. രണ്ടു കൂട്ടരും പരാതിയും കേസുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ താഴത്തങ്ങാടി വള്ളംകളി വിവാദം വരും ദിവസങ്ങളും കൊഴുക്കുമെന്ന് ഉറപ്പാണ്.